ജ്യോതിഷ പണ്ഡിതൻ പൂഞ്ഞാർ മിത്രൻ നന്പൂതിരിപ്പാട് അന്തരിച്ചു
1479595
Saturday, November 16, 2024 10:28 PM IST
തിരുവനന്തപുരം: ജ്യോതിഷ പണ്ഡിതൻ പൂഞ്ഞാർ മിത്രൻ നന്പൂതിരിപ്പാട് (96) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നെട്ടയം മണികണ്ഠേശ്വരത്തുള്ള മകളുടെ വസതിയിൽനിന്നു മൃതദേഹം ഇന്നു പുലർച്ചെ ജന്മനാടായ തൃപ്പൂണിത്തുറ എരൂരിലെ എളംപ്രക്കോടത്തു മനയിൽ കൊണ്ടുവരും. 11 മണിയോടെ തറവാട്ടുവളപ്പിൽ സംസ്കരിക്കും.
ഭാര്യ: പൂഞ്ഞാർ കോവിലകത്ത് പരേതയായ ഭവാനിത്തന്പുരാട്ടി. മക്കൾ: മഞ്ജുള വർമ (കാത്തലിക് സിറിയൻ ബാങ്ക്), അജയവർമ രാജ (ഏഷ്യാനെറ്റ്), രഞ്ജിനി വർമ. മരുമക്കൾ: മോഹനവർമ (പാലിയേക്കര കൊട്ടാരം, തിരുവല്ല), രസികാവർമ (പൂക്കോട്ടു മഠം, ഇടപ്പള്ളി), ശിവപ്രസാദ് വർമ (റിട്ട. എഫ്ആർസിടി, കൊടുങ്ങല്ലൂർ കോവിലകം).
മിത്രൻ നന്പൂതിരിപ്പാട് പ്രമുഖരുടെ ജ്യോതിഷ ഉപദേഷ്ടാവായിരുന്നു. സിനിമ, സാഹിത്യം, രാഷ്ട്രീയം തുടങ്ങിയ രംഗത്തുള്ള പ്രമുഖർ മിത്രൻ നന്പൂതിരിപ്പാടിന്റെ സന്ദർശകരായിരുന്നു. കെ.ജെ. യേശുദാസ് ആദ്യകാലം മുതൽ ഇദ്ദേഹത്തെ കാണാൻ പൂഞ്ഞാറിൽ എത്തിയിരുന്നു.
മിത്രൻ നന്പൂതിരിപ്പാടിന്റെയും ഭവാനി തന്പുരാട്ടിയുടെയും ശിഷ്യരിൽ ഒരാളാണ് കൈതപ്രം ദാമോദരൻ നന്പൂതിരി. സ്വദേശം തൃപ്പൂണിത്തുറയായിരുന്നുവെങ്കിലും പൂഞ്ഞാർ കാഞ്ഞിരമറ്റം കൊട്ടാരത്തിലെ ഭവാനി തന്പുരാട്ടിയെ 1956ൽ വിവാഹം കഴിച്ചതോടെ പൂഞ്ഞാറ്റിലായി താമസം.