""ബുൾഡോസർ രാജ് നിയമവിരുദ്ധം''; ഭരണകൂടം ജഡ്ജിമാരാകേണ്ടെന്ന് സുപ്രീംകോടതി
Thursday, November 14, 2024 1:57 AM IST
സനു സിറിയക്
ന്യൂഡൽഹി: ഭരണകൂടം കോടതിയാകേണ്ടെന്ന് സുപ്രീംകോടതി. കുറ്റാരോപിതരുടെ വീട് ഇടിച്ചു നിരത്തുന്ന ചില സംസ്ഥാനങ്ങളുടെ ബുൾഡോസർ നടപടി നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി.
നിയമവിരുദ്ധമായ നിർമിതികൾ പൊളിച്ചുമാറ്റുന്നതിന് മുൻകൂർ നോട്ടീസ് നല്കുന്നതടക്കമുള്ള നിയമനടപടികൾ പാലിക്കണമെന്നും സുപ്രീംകോടതി ചരിത്രവിധിയിലൂടെ വ്യക്തമാക്കി. ജുഡീഷറിയുടെ ചുമതലകൾ സർക്കാർ ഏറ്റെടുക്കേണ്ടതില്ലെന്നും ബിജെപി സംസ്ഥാനങ്ങളിലെ ബുൾഡോസർ രാജ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ വിധി പറയവേ ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
അനധികൃത നിർമാണങ്ങൾ പൊളിക്കുന്നതടക്കം എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പാലിക്കേണ്ട മാർഗനിർദേശങ്ങളും കോടതി പുറപ്പെടുവിച്ചു. ഭരണഘടനാ അനുച്ഛേദം 142 പ്രകാരം പ്രത്യേക അധികാരമുപയോഗിച്ചാണ് കോടതി ഉത്തരവിട്ടത്.
ഒരു വ്യക്തി കുറ്റാരോപിതനായതുകൊണ്ടു മാത്രം അയാളുടെ വീട് പൊളിക്കുകയാണെങ്കിൽ അത് പൂർണമായും ഭരണഘടനാ വിരുദ്ധമാണ്. ഒരാൾ കുറ്റക്കാരനാണോ എന്ന് നിർണയിക്കുന്നത് ഭരണ നിർവാഹകരല്ല. അത് നിയമ സംവിധാനത്തിന്റെ ജോലിയാണ്. ഇത്തരം നടപടികൾ ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം വ്യക്തികളുടെ മൗലികാവകാശത്തെ ബാധിക്കുമെന്നും കുറ്റാരോപിതനായ വ്യക്തിയുടെ കുടുംബത്തിനെതിരേയുള്ള കൂട്ടായ ശിക്ഷയായി മാറുമെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ ബുൾഡോസർ നടപടികളെ ഒരിക്കലും പ്രോത്സാഹിപ്പിനാകില്ല. ബെഞ്ച് വ്യക്തമാക്കി.
സർക്കാരുകളുടെ ഇത്തരം ഏകപക്ഷീയമായ നടപടി അംഗീകരിക്കാനാകില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. എന്നാൽ, അനധികൃത നിർമിതികൾ പൊളിക്കാൻ സർക്കാരുകൾക്ക് അധികാരമുണ്ട്. നിയമപരമായ നടപടിക്രമങ്ങൾ ഇതിന് പാലിക്കണം.
വ്യക്തമായ നടപടിക്രമങ്ങൾ പാലിക്കാതെ പൊളിച്ചു നീക്കൽ നടത്തിയാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർ കോടതിയലക്ഷ്യത്തിന് ബാധ്യസ്ഥരായിരിക്കും. നഷ്ടപരിഹാരം നൽകുന്നതിനു പുറമേ പൊളിച്ച വസ്തു സ്വന്തം ചെലവിൽ ഉദ്യോഗസ്ഥർ പുനർനിർമിച്ച് നൽകണമെന്നും വിധിയിൽ വ്യക്തമാക്കി.
ഒരു വ്യക്തിയുടെ സ്വത്തുക്കൾ സ്വമേധയാ സർക്കാരുകൾക്ക് തട്ടിയെടുക്കാൻ സാധിക്കില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. നിയമലംഘനം നടത്തിയാൽ ക്രമസമാധാന പാലനത്തിന് സംസ്ഥാനങ്ങൾ ബാധ്യസ്ഥരാണ്. എന്നിരുന്നാലും വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് പ്രധാനമാണെന്നും കോടതി ഊന്നിപ്പറഞ്ഞു.
സ്ത്രീകളും കുട്ടികളും പ്രായമായവരും ഒറ്റ രാത്രികൊണ്ട് തെരുവിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നത് സന്തോഷകരമായ കാഴ്ചയല്ല. അധികാരികൾ കുറച്ച് സാവകാശം നൽകിയാൽ ആകാശം ഇടിഞ്ഞുവീഴില്ലെന്നും ജസ്റ്റീസ് ഗവായ് തന്റെ വിധിന്യായത്തിൽ പറഞ്ഞു.
വീടെന്ന സുരക്ഷിതത്വം മൗലികാവകാശമാണ്. ഇതു തകർക്കുന്നത് മരവിപ്പിക്കുന്ന കാഴ്ചയാണെന്നും കോടതി പറഞ്ഞു. കയേറ്റമൊഴിപ്പിക്കൽ അനിവാര്യമെങ്കിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കി നോട്ടീസ് നൽകണം. മറ്റ് അനധികൃത നിർമാണങ്ങൾ തൊട്ടടുത്തുണ്ടെങ്കിലും തെരഞ്ഞുപിടിച്ച് വീടുകൾ പൊളിക്കുന്ന രീതി സർക്കാരുകൾക്കുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഒക്ടോബർ ഒന്നിന് കേസ് പരിഗണിച്ച കോടതി വിധി പറയാനായി മാറ്റുകയായിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ബുൾഡോസർ നടപടികൾ നിർത്തിവയ്ക്കാൻ അധികാരികളെ ചുമതലപ്പെടുത്തി കോടതി ഇടക്കാല ഉത്തരവും പുറത്തിറക്കിയിരുന്നു.
റോഡുകളിലും നടപ്പാതകളിലും മതപരമായ കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള അനധികൃത നിർമാണങ്ങൾ ഒഴിവാക്കിയായിരുന്നു ഇടക്കാല ഉത്തരവ്.