ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു
Tuesday, November 12, 2024 1:50 AM IST
ന്യൂഡൽഹി: ഇന്ത്യയുടെ 51-ാം ചീഫ് ജസ്റ്റീസായി സഞ്ജീവ് ഖന്ന ഇന്നലെ ചുമതലയേറ്റു. രാഷ്ട്രപതിഭവനിൽ രാവിലെ പത്തിനു നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.
അടുത്ത മേയ് 13 വരെയാണ് 64 കാരനായ ജസ്റ്റീസ് ഖന്നയുടെ കാലാവധി. ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു, ഊർജമന്ത്രി മനോഹർലാൽ ഖട്ടാർ, വിരമിച്ച ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ഡൽഹി മുഖ്യമന്ത്രി അതിഷി, കേന്ദ്രമന്ത്രിമാർ, സിറ്റിംഗ് ജഡ്ജിമാർ അടക്കം നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.
1983ൽ അഭിഭാഷകനായി എൻറോൾ ചെയ്ത ജസ്റ്റീസ് സഞ്ജീവ് ഖന്ന 2005 ജൂണിൽ ഡൽഹി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായി.
2006ൽ ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി. 2019 ജനുവരിയിലാണ് അദ്ദേഹത്തെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്തിയത്. വൈവാഹിക ബലാത്സംഗം, പൗരത്വ നിയമ ഭേദഗതി തുടങ്ങി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന നിരവധി കേസുകളിൽ ചീഫ് ജസ്റ്റീസ് ഖന്നയുടെ നിലപാട് നിർണായമാകും.
ചീഫ് ജസ്റ്റീസിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കാതിരുന്നത് ബിജെപി വിമർശനത്തിന് വഴിവച്ചു. സത്യപ്രതിജ്ഞ നടക്കുന്പോൾ രാഹുൽ പ്രിയങ്കയ്ക്കൊപ്പം വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു.