അടിയന്തര ലിസ്റ്റിംഗിന് വാക്കാലുള്ള അഭ്യർഥന പരിഗണിക്കില്ല: ചീഫ് ജസ്റ്റീസ്
Wednesday, November 13, 2024 2:00 AM IST
ന്യൂഡൽഹി: കേസുകൾ അടിയന്തരമായി പരിഗണിക്കുന്നതിനുള്ള അപേക്ഷ ഇനി മുതൽ ഇമെയിൽ വഴി നൽകണമെന്ന് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന.
വാക്കാലുള്ള ആവശ്യം പരിഗണിക്കില്ലെന്നും അഭിഭാഷകർ ഇ മെയിൽ വഴിയോ രേഖാമൂലമുള്ള കത്തുകൾ വഴിയോ കാരണം വ്യക്തമാക്കി അഭ്യർഥനകൾ സമർപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തേ അഭിഭാഷകർ ചീഫ് ജസ്റ്റീസിനു മുന്നിൽ വാക്കാൽ അഭ്യർഥന നടത്തുകയായിരുന്നു ചെയ്തിരുന്നത്. ആ രീതിക്കാണ് കഴിഞ്ഞ ദിവസം ചുമതലയേറ്റ ചീഫ് ജസ്റ്റീസ് മാറ്റം വരുത്തിയിരിക്കുന്നത്. സാധാരണക്കാർക്ക് അവരുടെ പദവി പരിഗണിക്കാതെ തുല്യനീതി ഉറപ്പാക്കുന്നത് നീതിന്യായ സംവിധാനത്തിന്റെ ഭരണഘടനാപരമായ കടമയാണെന്ന് കഴിഞ്ഞ ദിവസം ചുമതലയേറ്റ ശേഷം അദ്ദേഹം പറഞ്ഞിരുന്നു.
പൗരന്മാരുടെ അവകാശസംരക്ഷകരെന്ന രീതിയിലും തർക്ക പരിഹാരകരെന്ന രീതിയിലും തങ്ങളുടെ പ്രതിബദ്ധത ഉറപ്പാക്കുമെന്നും അതിനുള്ള പരിശ്രമം താൻ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.