നുഴഞ്ഞുകയറ്റക്കാരെ പിടിക്കാനും ഇഡി; ജാർഖണ്ഡിലും ബംഗാളിലും റെയ്ഡ്
Wednesday, November 13, 2024 2:00 AM IST
റാഞ്ചി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ഡിലും അയൽസംസ്ഥാനമായ ബംഗാളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് നടക്കുന്ന ജാർഖണ്ഡിലുൾപ്പെടെ 17 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടന്നത്.
റെയ്ഡിൽ വ്യാജ ആധാർകാർഡുകളും പാസ്പോർട്ടുകളും പിടിച്ചെടുത്തു. ബംഗാളിൽനിന്നുള്ള നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.
റെയ്ഡിൽ വ്യാജ ആധാർ കാർഡുകൾ, പാസ്പോർട്ടുകൾ, ആയുധങ്ങൾ, പണം, ആഭരണങ്ങൾ എന്നിവയും ആധാർകാർഡ് വ്യാജമായി നിർമിക്കുന്നതിനുള്ള കടലാസുകളും മെഷീനുകളും പിടിച്ചെടുത്തു. പരിശോധന തുടരുകയാണെന്നും ഇഡി അറിയിച്ചു.
ആദിവാസി മേഖലകളിൽ ജനസംഖ്യാപരമായ മാറ്റം വരുത്തുന്നതിനു സംസ്ഥാന സർക്കാർ നുഴഞ്ഞുകയറ്റത്തിന് പ്രോത്സാഹിപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാക്കളും അടുത്തിടെ ആരോപിച്ചിരുന്നു.
ജെഎംഎം നേതൃത്വം കൊടുക്കുന്ന സഖ്യം ജാർഖണ്ഡിനെ രോഹിങ്ക്യകൾക്കും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കുമുള്ള "ധർമശാല’യാക്കി മാറ്റുകയാണെന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചത്.