‘കോൾ ഡ്രോപ്പുകൾ’കുറയ്ക്കാൻ നീക്കങ്ങളുമായി കേന്ദ്രം
Thursday, November 14, 2024 1:57 AM IST
ന്യൂഡൽഹി: അപ്രതീക്ഷിതമായുണ്ടാകുന്ന ഫോൺ കോൾ മുറിയലുകൾ (കോൾ ഡ്രോപ്പുകൾ) വർധിച്ചതിനെതിരേ അടിയന്തര നീക്കങ്ങളുമായി കേന്ദ്രസർക്കാർ.
കോൾ ചെയ്യുന്പോൾ അപ്രതീക്ഷിതമായി ബന്ധം വിച്ഛേദിക്കപ്പെടുന്നതിനെതിരേ നിരവധി പരാതികൾ ഉയരുന്പോഴാണ് കോൾ ഡ്രോപ്പുകൾക്ക് തടയിടാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം നടപടികൾ തുടങ്ങിയത്. കണക്ടിവിറ്റി വർധിപ്പിച്ചു കോൾ സേവനം മെച്ചപ്പെടുത്താൻ രാജ്യത്താകമാനം 27,000 മൊബൈൽ ടവറുകൾ നിർമിച്ച് 26,000 ഗ്രാമങ്ങളെ ബന്ധിപ്പിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
അടുത്ത വർഷം ഏപ്രിൽ മുതൽ മാസത്തിലൊരിക്കൽ ടെലികോം സേവനങ്ങളുടെ നിലവാരം നിരീക്ഷിക്കാനും തീരുമാനമായിട്ടുണ്ട്. നിലവിൽ മൂന്ന് മാസത്തിലൊരിക്കലാണ് ടെലികോം സേവനങ്ങൾ സർക്കാർ നിരീക്ഷിച്ചു വരുന്നത്.
നേരത്തേ ടവർ ലെവലിൽ പരിശോധിച്ചിരുന്ന കോൾ നിലവാര പരിശോധന സ്മാർട്ട്ഫോണ് ലെവലിലാക്കാനും തീരുമാനമായിട്ടുണ്ട്. ഇതിലൂടെ മൊബൈൽ ടവറുകൾക്കുള്ളിലെ ടെലികോം സേവനങ്ങളുടെ പൊതുവിലയിരുത്തലിനു പകരം ഓരോ ഉപഭോക്താവിന്റെ സേവനാനുഭവവും വിലയിരുത്താൻ കേന്ദ്രത്തിനു കഴിയും.
കോൾ ഡ്രോപ്പുകൾക്കു കാരണമായ നെറ്റ്വർക്ക് ട്രാഫിക്, ദുർബലമായ സിഗ്നലുകൾ, പരിസ്ഥിതി തടസങ്ങൾ എന്നിവയ്ക്കു പരിഹാരം കണ്ടു പ്രശ്നം ഗണ്യമായി കുറയ്ക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.