ബംഗാളി നടൻ മനോജ് മിത്ര അന്തരിച്ചു
Wednesday, November 13, 2024 2:00 AM IST
കോൽക്കത്ത: പ്രശസ്ത ബംഗാളി നാടക, സിനിമ പ്രവർത്തകൻ മനോജ് മിത്ര (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് കോൽക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മനോജ് മിത്രയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു. മിത്രയുടെ വിയോഗം ബംഗാളി സിനിമയ്ക്കും നാടകത്തിനും നികത്താനാവാത്ത നഷ്ടമാണെന്നു മമത പറഞ്ഞു.
തപൻ സിൻഹയുടെ ‘ബഞ്ചരാമർ ബഗാൻ’ എന്ന ചിത്രത്തിലെ മികച്ച പ്രകടനമാണ് സിനിമയിൽ മിത്രയെ പ്രശസ്തനാക്കിയത്. മിത്രയുടെ ‘സജാനോ ബഗാൻ’ എന്ന നാടകത്തെ അവലംബിച്ചായിരുന്നു ബഞ്ചരാമർ ബഗാൻ എന്ന സിനിമ.
ഇന്ത്യൻ സിനിമ ഇതിഹാസം സത്യജിത് റേയുടെ ‘ഘാരെ ബൈരെ’, ‘ഗണശത്രു’ തുടങ്ങിയ ക്ലാസിക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഹാസ്യ, പ്രതിനായക വേഷങ്ങൾ മികവോടെ കൈകാര്യം ചെയ്ത മിത്ര പ്രമുഖ സംവിധായകരായ ബുദ്ധദേവ് ദാസ് ഗുപ്ത, ബസു ചാറ്റർജി, തരുൺ മജുംദാർ, ശക്തി സാമന്ത, ഗൗതം ഘോഷ് എന്നിവരുടെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നാടകരംഗത്തായിരുന്നു മിത്രയുടെ വലിയ സംഭാവനകൾ ഉണ്ടായത്.