ജിരിബാം ആക്രമണം: മൂന്നു കുട്ടികൾ ഉൾപ്പെടെ ആറുപേർക്കായി തെരച്ചിൽ
Wednesday, November 13, 2024 2:00 AM IST
ഇംഫാല്‍: മണിപ്പുരിലെ ജിരിബാമില്‍ കുക്കികൾ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനു പിന്നാലെ കാണാതായവരിൽ അവശേഷിക്കുന്ന ആറുപേർക്കായി വ്യാപക തെരച്ചിൽ.
മൂന്നു കുട്ടികളും മൂന്നു സ്ത്രീകളും ഉൾപ്പെടെ ആറുപേരെയാണ് കണ്ടെത്താനുള്ളത്. ബോറോബെക്രെയിൽ തിങ്കളാഴ്ച സൈനികക്യാന്പ് ആക്രമിച്ച സായുധസംഘത്തെയാണ് സുരക്ഷാസേന വധിച്ചത്. ഏതാനും പേർ രക്ഷപ്പെടുകയും ചെയ്തു.
ഒരു മണിക്കൂർ നീണ്ട സൈനിക നടപടിക്കുപിന്നാലെയാണ് പ്രദേശവാസികളായ 13 പേരെ കാണാതായ വിവരം പുറത്തുവന്നത്. മെയ്തെയ് വിഭാഗത്തിൽപ്പെട്ട രണ്ട് മുതിർന്ന പൗരന്മാരുടെ മൃതദേഹം ഇന്നലെ ഒരു വ്യാപാരകേന്ദ്രത്തിൽനിന്ന് കണ്ടെത്തി.
ഇതുൾപ്പെടെ പത്തോളം കെട്ടിടങ്ങൾക്ക് അക്രമികൾ തീവച്ചിരുന്നു. അഞ്ചുപേരെ നാട്ടുകാരും സുരക്ഷാസേനാംഗങ്ങളും ചേർന്ന് ഇന്നലെ കണ്ടെത്തുകയും ചെയ്തു. അവശേഷിച്ച ആറുപേര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
ഇവർ അക്രമികളുടെ പിടിയിലായെന്ന തരത്തിലുള്ള ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഇവരെ കണ്ടെത്താൻ ഊർജിതശ്രമങ്ങൾ പുരോഗമിക്കുകയാണ്.
പോലീസ് സ്റ്റേഷനും സമീപത്തെ സിആർപിഎഫ് ക്യാന്പും ആക്രമിക്കാൻ ശ്രമിച്ച സംഘത്തിലെ പത്ത് പേരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. അതേസമയം 11 പേർ കൊല്ലപ്പെട്ടതായി സർക്കാർ കേന്ദ്രങ്ങൾ വിശദീകരിക്കുന്നു.
കലാപത്തെത്തുടർന്ന് ചിതറിപ്പോയ നൂറോളം പേരെ പോലീസ് സ്റ്റേഷൻ പരിസരത്ത് താത്കാലിക ക്യാന്പിൽ പാർപ്പിച്ചിരുന്നു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനായി ജിരിബാം ജില്ലാ ഭരണകൂടം പ്രശ്നബാധിത മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെയും ഇംഫാല്‍ താഴ്വരയില് സായുധസംഘങ്ങള്‍ ഏറ്റുമുട്ടല്‍ തുടര്‍ന്നു. ആയുധങ്ങളും വെടിക്കോപ്പുകളും പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.
അതേസമയം കുക്കി സംഘടനകൾ ആഹ്വാനംചെയ്ത ബന്ദിനെത്തുടർന്ന് ഉയർന്ന മേഖലയിൽ വിദ്യാഭ്യാസ കേന്ദ്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ഇന്നലെ അടഞ്ഞുകിടന്നു. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല.
കുക്കി-സോ കൗൺസിലാണ് ഇന്നലെ രാവിലെ അഞ്ചു മുതൽ 13 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തത്. സംഭവത്തിൽ കേന്ദ്രസേനയ്ക്കെതിരേ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.