പുരുഷനും സ്ത്രീക്കും ഒരേ വിവാഹപ്രായം; പാർലമെന്ററി സമിതി ചർച്ച ചെയ്യും
Thursday, November 14, 2024 1:57 AM IST
ന്യൂഡൽഹി: പുരുഷനും സ്ത്രീക്കും ഒരേ വിവാഹപ്രായമനുവദിക്കുന്ന നിയമഭേദഗതി 22നു പാർലമെന്ററി സ്റ്റാൻഡിംഗ് സമിതി ചർച്ച ചെയ്യും.
സ്ത്രീകളുടെ വിവാഹപ്രായം പുരുഷന്മാരുടേതിന് തുല്യമായി ഉയർത്തുന്ന നിയമഭേദഗതി പതിനേഴാം ലോക്സഭയിൽ പാസാകാതെ കാലഹരണപ്പെട്ടതിനു ശേഷമാണു പുതിയ പാർലമെന്ററി സമിതിയുടെ കീഴിൽ വീണ്ടും ചർച്ചയ്ക്കെടുക്കുന്നത്.
വനിതാ ശിശുക്ഷേമ മന്ത്രാലയം സെക്രട്ടറി, നാഷണൽ കോളിഷൻ അഡ്വക്കറ്റിംഗ് ഫോർ അഡോളസെന്റ് കണ്‍സേണ്‍സ് (എൻസിഎഎസി), യങ് വോയ്സസ് കാന്പയിൻ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും.
ലിംഗസമത്വവും സ്ത്രീശക്തീകരണവും ലക്ഷ്യമിട്ട് 2021ലാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ൽനിന്ന് 21 ആയി ഉയർത്തിക്കൊണ്ടുള്ള നിയമഭേദഗതി സർക്കാർ കൊണ്ടുവന്നത്. പിന്നീട് നിയമം ചർച്ച ചെയ്യാനായി പല തവണ പാർലമെന്ററി സ്റ്റാൻഡിംഗ് സമിതിക്ക് അയച്ചിരുന്നെങ്കിലും ലോക്സഭാ കാലാവധി കഴിഞ്ഞതോടെ നിയമം പാർലമെന്റിൽ പാസായില്ല.
ഇതോടെയാണ് നിയമം പാർലമെന്ററി സമിതി വീണ്ടും ചർച്ച ചെയ്യാനൊരുങ്ങുന്നത്. വിദ്യാഭ്യാസം, വനിതാ-ശിശു ക്ഷേമം, യുവജനം, കായികം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സമിതിയുടെ അധ്യക്ഷൻ കോണ്‍ഗ്രസ് എംപി ദിഗ്വിജയ് സിംഗാണ്. സമിതിയുടെ യോഗത്തിൽ ന്യൂ എഡ്യുക്കേഷൻ പോളിസി, സമഗ്ര ശിക്ഷാ അഭിയാൻ തുടങ്ങിയ വിദ്യാഭ്യാസ പദ്ധതികളും ചർച്ച ചെയ്യും.