സിഐഎസ്എഫിന്റെ ആദ്യ വനിതാ ബറ്റാലിയന് കേന്ദ്ര അനുമതി
Thursday, November 14, 2024 1:57 AM IST
ന്യൂഡൽഹി: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ (സിഐഎസ്എഫ്) ആദ്യ വനിതാ ബറ്റാലിയന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അംഗീകാരം നൽകി.
സീനിയർ കാമാൻഡിംഗ് ഓഫീസറിനു കീഴിൽ 1025 പേരടങ്ങുന്ന വനിതകളായിരിക്കും പുതിയ ബറ്റാലിയനിൽ ഉണ്ടാകുക. ഇവരുടെ നിയമനത്തിനും പരിശീലനത്തിനുമായുള്ള തയാറെടുപ്പുകൾ ഡൽഹിയിൽ ആരംഭിച്ചു.
സിഐഎസ്എഫിന്റെ 53-ാം ദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശപ്രകാരമാണ് വനിതാ ബറ്റാലിയൻ രൂപീകരിക്കാനുള്ള നടപടികൾ ആരംഭിച്ചത്.
രണ്ട് ലക്ഷത്തോളം ഉദ്യോഗസ്ഥരടങ്ങുന്ന സിഐഎസ്എഫിൽ 12 റിസർവ് ബറ്റാലിയനുകളുണ്ട്. ഇതിൽ ഏഴ് ശതമാനം സ്ത്രീകളാണ്. ഇവരിൽനിന്നായിരിക്കും പുതിയ ബറ്റാലിയൻ രൂപീകരിക്കുക.
രാജ്യത്തെ പ്രധാന മേഖലകളിൽ സുരക്ഷ ഒരുക്കുകയാണ് സിഐഎസ്എഫിന്റെ ചുമതല. വിമാനത്താവളങ്ങൾ, പ്രധാനപ്പെട്ട വ്യവസായ സ്ഥാപനങ്ങൾ, ആണവ നിലയങ്ങൾ, തുറമുഖങ്ങൾ തുടങ്ങി തന്ത്രപ്രധാനമായ പല മേഖലകളിലും സേന സുരക്ഷാ ഉറപ്പാക്കുന്നു. ഇവയ്ക്ക് പുറമെ തെരഞ്ഞെടുപ്പു സമയങ്ങളിലും സുരക്ഷ നൽകാറുണ്ട്.
എയർപോർട്ട് സുരക്ഷ, ഡൽഹി മെട്രോ റെയിൽ, വിഐപി സുരക്ഷ, തെരഞ്ഞെടുപ്പു സമയത്ത് നൽകുന്ന താത്കാലിക ചുമതലകൾ എന്നിങ്ങനെയുള്ള ഉത്തരവാദിത്വങ്ങൾ വനിതാ ബറ്റാലിയനും നൽകും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ 1969ലാണ് കേന്ദ്ര സേനയായ സിഐഎസ്എഫിനെ സ്ഥാപിച്ചത്. രാജ്യത്തെ തന്ത്രപ്രധാനമായ മേഖലകളുടെ സുരക്ഷ വർധിപ്പിക്കുകയായിരുന്നു ലക്ഷ്യം.