കുട്ടികൾക്കു മദ്യം വിൽപന: സർക്കാരുകൾക്കു നോട്ടീസ്
Tuesday, November 12, 2024 1:50 AM IST
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്തവർക്കു മദ്യം വിൽക്കുന്നതു തടയാനുള്ള പ്രോട്ടോകോൾ വേണമെന്ന ആവശ്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു സുപ്രീംകോടതി നോട്ടീസ് അയച്ചു.
കുട്ടികൾക്കു മദ്യം വിൽക്കുന്നത് തടയണെന്നാവശ്യപ്പെട്ട് സന്നദ്ധസംഘടനയായ കാഡ് (കമ്യുണിറ്റി എഗൻസ്റ്റ് ഡ്രങ്കൺ ഡ്രൈവിംഗ്) നൽകിയ പൊതുതാത്പര്യഹർജിയിലാണ് ജസ്റ്റീസ് ബി.ആർ. ഗവായിയും ജസ്റ്റീസ് കെ.വി. വിശ്വനാഥനും അടങ്ങുന്ന ബഞ്ചിന്റെ നിർദേശം.
സർക്കാരിന്റെ തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ച് പ്രായം ഉറപ്പു വരുത്തിയ ശേഷമേ മദ്യം നൽകാവൂ എന്നു ഹർജിയിൽ ആവശ്യപ്പെടുന്നു. വിവിധ സംസ്ഥാനങ്ങളിൽ മദ്യപാനത്തിനുള്ള കുറഞ്ഞ പ്രായംത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ട്.
ഒരു പരിശോധനയും കൂടാതെയാണ് മദ്യ ഷോപ്പുകൾ, ബാറുകൾ, പബ്ബുകൾ എന്നിവിടങ്ങളിൽ മദ്യവിൽപ്പന. വിദേശ രാജ്യങ്ങളിൽ കുട്ടികൾക്ക് മദ്യം വിൽക്കുന്നവർക്ക് കനത്ത ശിക്ഷയാണെന്നും ഇന്ത്യയിൽ ആ രീതിയിൽ നയം രൂപവത്കരിച്ച് ശിക്ഷ ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ടായിരുന്നു.
ഒരു നിയന്ത്രണവുമില്ലാതെ മദ്യവിൽപ്പന കേന്ദ്രങ്ങളിൽ നിന്ന് പ്രായപൂർത്തിയാകാത്തവർ മദ്യംവാങ്ങുന്നുണ്ടെന്നും കാഡ് സ്ഥാപകൻ പ്രിൻസ് സിംഗാളിന്റെ ഹർജിയിൽ പറഞ്ഞിരുന്നു.
മുതിർന്നവർക്കു മാത്രമേ മദ്യം നൽകൂ എന്ന ചട്ടം നിലനിൽക്കുന്ന രാജ്യങ്ങളിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറവാണ്. മറിച്ചുള്ള രാജ്യങ്ങളിലാകട്ടെ വിപരീതഫലമാണെന്നും വാദം ഉണ്ടായിരുന്നു.
ഇക്കാര്യത്തിൽ എന്താണ് ചെയ്യാനാവുക എന്നു വാദത്തിനിടെ ജസ്റ്റീസ് ഗവായി ഹർജിക്കാരനോടു ചോദിച്ചു. കുട്ടികൾ നേരിട്ട് പോകാതെ മറ്റാരെയെങ്കിലും മദ്യം വാങ്ങാൻ നിയോഗിക്കാമല്ലോ എന്നായിരുന്നു ചോദ്യം.
എന്നാൽ, നിയന്ത്രണങ്ങൾ വന്നാൽ ആർക്കും വാങ്ങാൻ കഴിയുമെന്ന സ്ഥിതി ഒഴിവാക്കാൻ കഴിയുമല്ലോ എന്നായിരുന്നു ഹർജിക്കാരന്റെ അഭിഭാഷകന്റ മറുപടി. ഇതേത്തുടർന്നാണ് നോട്ടീസ് അയയ്ക്കാൻ കോടതി നിർദേശം നൽകിയത്.