ബുൾഡോസർ രാജ്: ഇടിച്ചുനിരത്താൻ തിടുക്കം വേണ്ട
Thursday, November 14, 2024 1:57 AM IST
ന്യൂഡൽഹി: ബുൾഡോസർ നടപടി നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച സുപ്രധാന വിധിയിൽ, നിർമിതികൾ പൊളിക്കുന്നതിന് വ്യക്തമായ നിർദേശങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. നോട്ടീസ് നൽകാതെ കെട്ടിടങ്ങൾ പൊളിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സുപ്രീംകോടതിയുടെ നിർദേശങ്ങൾ
►നിർമിതികൾ പൊളിക്കാൻ ഉത്തരവായാൽ നിർമാതാവിന് അപ്പീൽ നല്കാൻ സമയം അനുവദിക്കണം.
►കാരണംകാണിക്കൽ നോട്ടീസ് ഇല്ലാതെ പൊളിക്കൽ അനുവദനീയമല്ല.
►കെട്ടിട ഉടമയ്ക്ക് രജിസ്റ്റേർഡ് തപാൽ മുഖേന നോട്ടീസ് അയയ്ക്കുകയും പൊളിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിനു പുറത്ത് നോട്ടീസ് പതിക്കുകയും വേണം. നോട്ടീസ് നൽകി 15 ദിവസം കഴിഞ്ഞേ തുടർനടപടികൾ ആരംഭിക്കാവു.
►നിയമ ലംഘനങ്ങളുടെ സ്വഭാവം, ബന്ധപ്പെട്ട ഏത് ഉദ്യോഗസ്ഥന് മുന്പിൽ എന്ന് ഹാജരാകണം, മറുപടി നൽകുന്പോൾ ഹാജരാക്കേണ്ട രേഖകളുടെ പട്ടികയും നോട്ടീസിൽ ഉൾപ്പെടുത്തണം.
►ഉദ്യോഗസ്ഥർ തീയതി മാറ്റി രേഖപ്പെടുത്തുന്നതു തടയാൻ നോട്ടീസ് നൽകിയ ഉടൻ നിർദിഷ്ട നടപടിയുടെ അറിയിപ്പ് കളക്ടർക്കും ജില്ലാ മജിസ്ട്രേറ്റിനും (ഡിഎം) കൈമാറണം.
►മൂന്ന് മാസത്തിനുള്ളിൽ ഡിജിറ്റൽ പോർട്ടൽ സജ്ജമാക്കണം.
►മുനിസിപ്പൽ കെട്ടിടങ്ങൾ പൊളിക്കുന്നതിനും മറ്റും ചുമതലയുള്ള നോഡൽ ഓഫീസർമാരെ കളക്ടറും ഡിഎമ്മും നിയമിക്കണം.
►ഉടമയ്ക്ക് അനധികൃത നിർമിതികൾ സ്വയം പൊളിക്കാൻ 15 ദിവസം അനുവദിക്കണം. ഇതിനുള്ളിൽ ഉടമ പൊളിക്കാതിരിക്കുകയും അപ്പീൽ അതോറിറ്റി പൊളിക്കൽ തടയാതിരിക്കുകയും ചെയ്താൽ മാത്രമേ നടപടി സ്വീകരിക്കാവൂ.
►പൊളിക്കുന്നതിനു മുന്പ്, രണ്ട് സാക്ഷികൾ ഒപ്പിട്ട വിശദമായ പരിശോധനാ റിപ്പോർട്ട് തയാറാക്കണം.
►പൊളിച്ചുമാറ്റൽ നടപടികൾ വീഡിയോഗ്രാഫ് ചെയ്യണം. വീഡിയോ റിക്കാർഡിംഗ് സംരക്ഷിക്കപ്പെടേണ്ടതാണ്.
►പൊളിക്കലുമായി ബന്ധപ്പെട്ട് ഏതൊക്കെ ഉദ്യോഗസ്ഥർ പങ്കെടുത്തു എന്ന് രേഖപ്പെടുത്തുന്ന റിപ്പോർട്ട് തയാറാക്കി മുനിസിപ്പൽ കമ്മീഷണർക്ക് കൈമാറണം. ഈ റിപ്പോർട്ട് ഡിജിറ്റൽ പോർട്ടലിൽ ലഭ്യമാക്കുകയും വേണം.