മലിനീകരണ രഹിത അന്തരീക്ഷം മൗലികാവകാശം: സുപ്രീംകോടതി
Tuesday, November 12, 2024 1:50 AM IST
ന്യൂഡൽഹി: ഭരണഘടന അനുച്ഛേദം 21 പ്രകാരം മലിനീകരണ രഹിത അന്തരീക്ഷത്തിൽ ജീവിക്കാനുള്ള അവകാശം ഓരോ പൗരന്റെയും മൗലികാവകാശമാണെന്ന് സുപ്രീംകോടതി. ഡൽഹി മലിനീകരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയായിരുന്നു കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ദീപാവലിസമയത്ത് ഡൽഹിയിൽ പടക്കനിരോധനം നടപ്പിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതിനെ ജസ്റ്റീസുമാരായ അഭയ് എസ്. ഓക്ക, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് രൂക്ഷമായി വിമർശിച്ചു. മലിനീകരണം പ്രോത്സാഹിപ്പിക്കുന്നതോ ജനങ്ങളുടെ ആരോഗ്യവുമായി വിട്ടുവീഴ്ച ചെയ്യുന്നതോ ആയോ യാതൊരു പ്രവർത്തനത്തെയും ഒരുമതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.
ദീപാവലിക്കുശേഷം ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം എക്കാലത്തെയും ഉയർന്ന നിലയിലാണെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് പടക്കനിരോധനം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് വിശദീകരിക്കാൻ കഴിഞ്ഞയാഴ്ച ഡൽഹി സർക്കാരിനോടും പോലീസിനോടും കമ്മീഷണറോടും കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒക്ടോബർ 14ന് സർക്കാർ ഏർപ്പെടുത്തിയ ഉത്തരവ് നടപ്പിലാക്കാൻ പോലീസ് ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന് കോടതി ഇന്നലെ നിരീക്ഷിച്ചു.
വില്പന നിർത്തുന്നതു സംബന്ധിച്ച് എല്ലാ പടക്കനിർമാതാക്കളെയും അറിയിക്കുന്നതിൽ പോലീസ് പരാജയപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടി. നിരോധനം നിലനിൽക്കുന്ന സമയത്ത് പടക്കങ്ങൾ സൂക്ഷിക്കുകയോ വിൽക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താൻ പോലീസ് നടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു.
പടക്കനിരോധനം വർഷം മുഴുവൻ ഏർപ്പാടുക്കുന്നതിനെപ്പറ്റി ആലോചിക്കാൻ സർക്കാരിനോടും കോടതി ആവശ്യപ്പെട്ടു. 25നു മുന്പ് ഇതുസംബന്ധിച്ച തീരുമാനം എടുക്കാനും കോടതി നിർദേശിച്ചു. മലിനീകരണം ഇല്ലാതാക്കാൻ ഡൽഹിയുടെ അയൽ സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികൾ അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു.