ഫ്രെയ്മിൽനിന്നും മാറടാ... പ്രവർത്തകനെ തൊഴിച്ചുമാറ്റി മുൻ കേന്ദ്രമന്ത്രി
Wednesday, November 13, 2024 2:00 AM IST
മുംബൈ: ഫോട്ടോ ഫ്രെയ്മിലേക്കു കയറിനിന്ന പ്രവർത്തകനെ തൊഴിച്ചുമാറ്റി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ റാവുസാഹെബ് ഡാൻവെ. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ ഭോകർദാനിലായിരുന്നു സംഭവം.
എന്നാൽ, ഡാൻവെയുടെ ഷർട്ട് ശരിയാക്കുക മാത്രമാണ് താൻ ചെയ്തത്. മറ്റെല്ലാം തെറ്റാണെന്നാണ് തൊഴി കിട്ടിയയാൾ പിന്നീട് പറഞ്ഞത്. പക്ഷേ, ഡാൻവെയുടെ ഈ ‘സ്നേഹപ്രകടനം’ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായി.
ശിവസേന (ഷിൻഡെ) നേതാവും മുൻമന്ത്രിയുമായ അർജുൻ ഖോത്കറിനെ ആദരിക്കുന്നതിനിടെ ഫോട്ടോ ഫ്രെയ്മിലേക്ക് ബിജെപി പ്രവർത്തകൻ ‘നുഴഞ്ഞുകയറി’യതാണ് ഡാൻവെയെ പ്രകോപിപ്പിച്ചത്.
നുഴഞ്ഞുകയറ്റക്കാരനെ വലതുകാലുകൊണ്ട് തൊഴിച്ചുനീക്കിയ ഡാൻവെ അയാളോട് മാറിനിൽക്കാൻ ആവശ്യപ്പെടുന്നതും വൈറൽ വീഡിയോയിൽ വ്യക്തമാണ്. വീഡിയോ വൈറലായതിനുപിന്നാലെ വീഡിയോയില്‍ കണ്ട ഷെയ്ഖ് എന്നയാൾ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
സംഭവത്തെ വിമർശിച്ച് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ആദിത്യ താക്കറെ രംഗത്തുവന്നു. ഡാൻവെ ഫുട്ബോളിലായിരുന്നു ചേരേണ്ടിയിരുന്നതെന്ന് ആദിത്യ താക്കറെ പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷമായി ബിജെപി പ്രവര്‍ത്തകര്‍ക്ക് ഒന്നും ലഭിച്ചില്ല. അതുകൊണ്ട് ഇനിയും ബിജെപിക്കു വോട്ട് ചെയ്യണോ എന്ന് അവര്‍ ആലോചിക്കണമെന്നും ആദിത്യ താക്കറെ ആവശ്യപ്പെട്ടു.