ചെറുവള്ളിക്കടവ് പാലത്തിന് ഭരണാനുമതി
1467809
Saturday, November 9, 2024 7:51 AM IST
കുന്നംകുളം: കുന്നംകുളം മണ്ഡലത്തിലെ കുന്നംകുളം മണ്ഡലത്തിലെ ചെറുവള്ളിക്കടവ് പാലത്തിന് ഭരണാനുമതി പുതുക്കിപ്പണിയുന്നതിന് 9.33 കോടി രൂപയുടെ ഭരണാനുമതിയായി.
കുന്നംകുളം നഗരസഭയെയും കാട്ടാകാമ്പാൽ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പെങ്ങാമുക്കിലെ പ്രധാന റോഡിലാണ് ചെറുവള്ളിക്കടവ് പാലം.എ സി മൊയ്തീൻ എംഎൽഎയുടെ ശ്രമഫലമായി സംസ്ഥാന ബജറ്റിൽ പാലം പുതുക്കിപ്പണിയുന്നതിന് തുക അനുവദിച്ചിരുന്നു. നാട്ടുകാരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് പദ്ധതി യാഥാർഥ്യമാക്കുന്നതോടെ നിറവേറുന്നത്.
1962 ലാണ് ചെറുവള്ളിക്കടവ് പാലം പണിതത്. വീതികുറഞ്ഞ പാലം കാലപ്പഴക്കത്തില്‍ ബലക്ഷയം സംഭവിച്ച നിലയിലായിരുന്നു.
വർഷങ്ങൾക്കുശേഷം പാറേമ്പാടം -ആറ്റുപുറം റോഡ് വികസനത്തിന്റെ ഭാഗമായി പാലത്തിന്റെ ഇരുവശവും വീതി കൂട്ടിയിരുന്നു. എന്നാൽ വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് ഉതങ്ങുന്നതായിരുന്നില്ല.
ചെറുവള്ളിക്കടവ് പാലം പുനർനിർമ്മിക്കണമെന്ന ആവശ്യം എം എൽ എ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നാണ് സംസ്ഥാന ബജറ്റിൽ തുക അനുവദിച്ചത്.
60 മീറ്റർ നീളവും 11.05 മീറ്റർ വീതിയിലുമായാണ് പുതിയ പാലം നിർമിക്കുക. ഇരുവശത്തും നടപ്പാതയും സൗന്ദര്യവത്കരണവും നടത്തും.
പാലം നിർമാണം പൂർത്തീകരിക്കുന്നതോടെ ഈ വഴിയിലൂടെയുള്ള ഗതാഗതം സുഗമമാക്കാനാകും. സാങ്കേതികാനുമതി കൂടി ലഭ്യമാക്കി പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് എ.സി. മൊയ്തീൻ എംഎൽഎ പറഞ്ഞു.