കോടന്നൂർ ഇടവകപള്ളിയുടെ ശതോത്തര രജതജൂബിലി ആഘോഷങ്ങൾക്കു തുടക്കം
1492061
Friday, January 3, 2025 1:45 AM IST
കോടന്നൂർ: 1900ൽ സ്ഥാപിതമായ കോടന്നൂർ സെന്റ് ആന്റണീസ് ഇടവക പള്ളിയുടെ ശതോത്തര രജത ജൂബിലി ആഘോഷങ്ങൾക്ക് അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പതാക ഉയർത്തിയതോടെ തുടക്കമായി.
തലമുറകളായി കൈമാറിവരുന്ന വിശ്വാസദീപം കെടാതെ സൂക്ഷിക്കണമെന്നും അത് അടുത്ത തലമുറയ്ക്കു കൂടുതൽ ശോഭയോടെ കൈമാറണമെന്നും ബിഷപ് പറഞ്ഞു. ജൂബിലി കവാടം തുറന്നു ജൂബിലി തിരിതെളിയിക്കൽ, ദിവ്യബലിയർപ്പണം എന്നിവയും ഉണ്ടായിരുന്നു.
വികാരി ഫാ. ആന്റണി ആലുക്ക, ഫാ. ജിസ് ആലപ്പാട്ട്, നടത്തുകൈക്കാരൻ ലാസർ കള്ളിക്കാടൻ, ജനറൽ കണ്‍വീനർ സി.ഐ. സിജോ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിന്റെ ഭാഗമായി ഇംഗ്ലീഷ് ബൈബിൾ പുതിയ നിയമം പകർത്തിയെഴുതിയ ഫാ. ആന്റണി ആലുക്കയെ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. ശതോത്തര രജതജൂബിലി സ്മാരകമായ സ്കൂൾകെട്ടിട നിർമാണത്തിനുള്ള ശിലയുടെ വെഞ്ചരിപ്പ്, തിരിവിതരണം, ശതോത്തരജൂബിലിയുടെ ഭാഗമായി ബൈബിൾ പകർത്തിയെഴുതുന്ന 125 പേർക്കുള്ള പേപ്പറും പേനയും വിതരണം എന്നിവയും ഉണ്ടായിരുന്നു.
125 ഓളം കർമപരിപാടികളാണ് ശതോത്തര രജത ജൂബിലിയുടെ ഭാഗമായി നടപ്പാക്കുക.