പൊന്മാനു രക്ഷകരായി കെഎസ്ഇബി ജീവനക്കാർ; അഭിനന്ദനപ്രവാഹം
1492075
Friday, January 3, 2025 1:45 AM IST
സ്വന്തം ലേഖകൻ
തൃശൂർ: അന്നംതേടുന്നതിനിടെ ഷോക്കേറ്റുവീണ മിണ്ടാപ്രാണിക്കു പുതുജീവൻ നൽകി കെഎസ്ഇബി ജീവനക്കാർ. മുതുവറ കെഎസ്ഇബി സെക്ഷനു കീഴിലുള്ള, ചുള്ളിപ്പാടം ട്രാൻസ്ഫോർമറിന്റെ ഡിഒ ഫ്യൂസ് ശരിയാക്കാനെത്തിയ ലൈൻമാന്മാരായ ബാബു ഡേവിസിന്റെയും സുരേഷ് ബാബുവിന്റെയും നല്ല മനസാണ് ഷോക്കേറ്റ് ജീവനുവേണ്ടി പിടഞ്ഞിരുന്ന ഒരു പൊന്മാന്റെ ജീവൻ രക്ഷിച്ചത്.
ഫോണ്ഡ്യൂട്ടിയിലുള്ള മാളവിക അറിയിച്ചതനുസരിച്ചാണ് ഇരുവരും സൈറ്റിൽ എത്തിയത്. ഇതിനിടയിലാണ് അന്നവുമായി മടങ്ങുകയായിരുന്ന നീലപ്പൊന്മാൻ എച്ച്ടി ലൈനിൽനിന്നു ഷോക്കേറ്റ് നിലത്തേക്കു പിടഞ്ഞുവീണത്. ആദ്യം സംഭവം മനസിലാകാതിരുന്ന ഇരുവരും പൊന്മാൻ ഷോക്കേറ്റുവീണതാണെന്നു മനസിലാക്കിയതോടെ പണിസാധനങ്ങൾ താഴെയിട്ട് കിളിയെ കൈയിലെടുത്തു.
സമീപത്തെ തോട്ടിൽനിന്നും വെള്ളം കൈക്കുന്പിളിൽ കോരിയെടുത്ത് പൊന്മാനു നൽകി. പണ്ടെപ്പോഴോ റീൽസിൽ കിളികളെ രക്ഷിക്കുന്ന വീഡിയോ കണ്ട ഓർമയിൽ പൊന്മാന്റെ നെഞ്ചിൽ കൈകൾകൊണ്ട് പതിയെ അമർത്തിയും തട്ടിയും തലോടിയും പ്രഥമശ്രുശൂഷയും നൽകി. 20 മിനിറ്റുകൾക്കുശേഷം പൊന്മാൻ പതിയെപ്പതിയെ ഉഷാറായി. അല്പസമയത്തിനുശേഷം പറന്നുയർന്നു. ഒപ്പം നല്ലൊരു കാര്യം ചെയ്ത സന്തോഷവുമായി ബാബുവും സുരേഷും മടങ്ങി.
പൊന്മാനല്ലേ, എന്തിനിങ്ങനെ കഷ്ടപ്പെട്ടുവെന്ന ചോദ്യത്തിനുമുൻപിൽ, ജീവനല്ലേ സാർ, രക്ഷിക്കണ്ടേ എന്ന മറുപടിയാണ് ഇവർക്കു പറയാനുണ്ടായിരുന്നത്. ഇരുവരുടെയും നല്ല മനസിനെ സഹപ്രവർത്തകരും അഭിനന്ദിച്ചു.