സ്ഫോടകവസ്തുക്കൾ കൂട്ടിയിട്ട് കത്തിച്ചു
1492062
Friday, January 3, 2025 1:45 AM IST
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ ചിറമനേങ്ങാട് കണലിപ്പാറ പ്രദേശത്ത് സ്ഫോടകവസ്തുക്കൾ കൂട്ടിയിട്ട് കത്തിച്ചത് പ്രതിഷേധത്തിനിടയാക്കി.
പടക്കക്കടകളിൽനിന്നു ഒഴിവാക്കുന്ന ഗുണ്ട് ഉൾപ്പടെയുള്ള വെടിക്കെട്ട് സാമഗ്രികളാണ് ബുധനാഴ്ച രാത്രിയിൽ ജനവാസകേന്ദ്രത്തിന് സമീപം കൂട്ടിയിട്ട് കത്തിച്ചത്. ശബ്ദവും രൂക്ഷമായപുകയും ഉയർന്നതിനെ തുടർന്ന് പ്രദേശവാസികൾ സ്ഥലത്തെത്തി കൂടുതൽ കത്തിക്കുന്നത് തടഞ്ഞു.
കുന്നംകുളം ഉൾപ്പടെ വിവിധസ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന പടക്കവിൽപ്പന കമ്പനിയുടെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നതിന് ഗോഡൗൺ നിർമിക്കുന്നുവെന്ന് പരാതിനിലനിൽക്കുന്ന സ്ഥലത്താണ് വെടിക്കെട്ട് സാമഗ്രികൾ കത്തിച്ചത്. ഇത് ജനങ്ങളിൽ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. കുട്ടികൾ നടന്നുപോകുന്ന വഴിക്ക് സമീപം ഗുണ്ട് ഉൾപ്പടെയുള്ള സ്ഫോടകവസ്തുക്കൾ പരന്ന് കിടക്കുന്നുണ്ട്. നാട്ടുകാർ പോലീസിൽ പരാതിപ്പെട്ടു.
കണലിപ്പാറയിൽ പടക്കസംഭരണശാലയ്ക്ക് ഗോഡൗൺ നിർമിക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയിന്മേല് പഞ്ചായത്ത് മുമ്പ് നിർമാണപ്രവർത്തനങ്ങൾ തടഞ്ഞിരുന്നു. ജനവാസകേന്ദ്രത്തിലെ പടക്ക സംഭരണശാലയ്ക്കെതിരെ വലിയ പ്രതിഷേധമാണുയരുന്നത്.