പാലപ്പിള്ളിയില്‍ വീണ്ടും പുലി
1492058
Friday, January 3, 2025 1:45 AM IST
പാലപ്പിള്ളി: പിള്ളത്തോട് പ്രദേശത്ത് വീണ്ടും പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു. രണ്ടാഴ്ചക്കിടെ മൂന്നാംതവണയാണ് ഇവിടെ പുലിയിറങ്ങുന്നത്.
പിള്ളത്തോട് ഗ്രൗണ്ടിന് സമീപത്താണ് വ്യാഴാഴ്ച രാവിലെ പശുക്കുട്ടിയെ പുലി ആക്രമിച്ചുകൊന്നത്. പശുക്കുട്ടിയുടെ ശരീരഭാഗങ്ങള്‍ പുലി ഭക്ഷിച്ചനിലയിലാണ്. കഴിഞ്ഞദിവസം ഈ പ്രദേശത്ത് കുറുക്കനെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. പുലിയുടെ ആക്രമണത്തിലാണ് കുറുക്കന് ചത്തതെന്നാണ് പ്രാഥമികനിഗമനം. കഴിഞ്ഞയാഴ്ച തോട്ടത്തില്‍ ടാപ്പിംഗിനെത്തിയ തൊഴിലാളികള്‍ പുലിയെ കണ്ട് ഭയന്നോടിയതിനുശേഷം വനംവകുപ്പ് പുലിയെ കണ്ടെത്താനായി ട്രാപ്പ് കാമറ സ്ഥാപിച്ചിരുന്നു.
എന്നാല്‍ പുലിയുടെ ചിത്രങ്ങള്‍ കാമറയില്‍ പതിഞ്ഞിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ജനവാസമേഖലയില്‍ നിരന്തരം പുലിയിറങ്ങി ഭീതിപരത്തിയിട്ടും പുലിയെ പിടികൂടുന്നതിനുള്ള കൂട് സ്ഥാപിക്കാന്‍ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.