ക്ഷേത്രങ്ങൾ വിവാദകേന്ദ്രങ്ങളാകരുത്: ഡോ. വി.കെ. വിജയൻ
1492064
Friday, January 3, 2025 1:45 AM IST
തൃശൂർ: ക്ഷേത്രങ്ങൾ വിവാദകേന്ദ്രങ്ങളാകരുതെന്നു ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ അഭിപ്രായപ്പെട്ടു.
ഗുരുവായൂർ ഏകാദശി ദിവസം ഉദയാസ്തമനപൂജ വേണ്ടെന്നുവച്ചത് കൂടുതൽ ഭക്തർക്കു ദർശനസൗകര്യം ലഭിക്കുന്നതിനായിരുന്നു. ഇതു വിവാദമാക്കിയതു നിർഭാഗ്യകരമാണ്. ഏകാദശിദിവസം ഒരു ലക്ഷത്തോളം ഭക്തരാണ് ദർശനത്തിനെത്തിയത്. ഉദയാസ്തമനപൂജ നടത്തിയാൽ 21 തവണ നട അടച്ചിടേണ്ടിവരും. അതുകൊണ്ടുതന്നെ പതിനായിരങ്ങളാണ് ദർശനംകിട്ടാതെ മടങ്ങുക.
ഈയൊരു സാഹചര്യം ഒഴിവാക്കുന്നതിനാണ് ഉദയാസ്തമനപൂജ വേണ്ടെന്നുവച്ചതെന്ന് പെരിങ്ങാവ് ധന്വന്തരി ക്ഷേത്രത്തിൽ സ്വർഗവാതിൽ ഏകാദശിയോടനുബന്ധിച്ച് നടന്ന സാംസ്കാരികസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
പെരിങ്ങാവ് ദേവസ്വം പ്രസിഡന്റ് ഇ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. പി.ടി.എൻ. വാസുദേവൻ മൂസ് മുഖ്യാതിഥിയായി. ഡിവിഷൻ കൗണ്‍സിലർ എൻ.എ. ഗോപകുമാർ വിദ്യാഭ്യാസപുരസ്കാരങ്ങൾ വിതരണം ചെയ്തു.
കിഴക്കൂട്ട് അനിയൻമാരാർ, ഡോ. സി. ശാന്ത, മച്ചാട് സുബ്രഹ്മണ്യൻ, ഡോ. സി. പദ്മജൻ, ഡോ. എം.ആർ. ദീപ എന്നിവരെ ആദരിച്ചു. പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, വിനോദ് കണ്ടേംകാവിൽ, പെരിങ്ങാവ് ദേവസ്വം സെക്രട്ടറി അഡ്വ. എം.സി. മനോജ്കുമാർ, രാമചന്ദ്രൻ കടവിൽ, സി.ആർ. വേണുഗോപാൽ, ഇ.ആർ. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.