ശക്തമായ കാറ്റില്‍ തെങ്ങുകള്‍ വീണു
1492065
Friday, January 3, 2025 1:45 AM IST
പട്ടിക്കാട്: കഴിഞ്ഞദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റിൽ വാണിയംപാറയിൽ വീടിന് മുകളിൽ തെങ്ങുവീണു. മഞ്ഞവാരി എലിഞ്ഞേരിവീട്ടിൽ സത്യഭാമയുടെ വീടിന്റെ മുകളിലാണ് രാവിലെ ഒമ്പതുമണിയോടെ തെങ്ങുവീണത്. വീടിന്റെ ടെറസിന് വിള്ളലുകൾ സംഭവിക്കുകയും പാരപെറ്റിന്റെ പകുതിഭാഗം തകരുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കില്ല.
വേലൂർ: ശക്തമായ കാറ്റിനെത്തുടർന്ന് തെങ്ങ് കടപുഴകി റോഡിന് കുറുകെവീണു. വേലൂർ തലക്കോട്ടുകര പ്രഭാത്നഗറിലാണ് തെങ്ങ് മറിഞ്ഞുവീണത്. ഇന്നലെ രാവിലെയാണ് സംഭവം. സംഭവസമയത്ത് റോഡിൽ ആരും ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. വൈദ്യുതി കമ്പികൾക്കും കേബിളുകൾക്കും കേടുപാടുകൾ സംഭവിച്ചു. കേച്ചേരിയിൽനിന്നു കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി പുനഃസ്ഥാപിച്ചു.
അരിമ്പൂർ: കാറ്റിൽ തെങ്ങുവീണ് വീടിനുമുകളിലെ ട്രസ് തകർന്നു. മനക്കൊടി വെള്ളംപറമ്പിൽ സുന്ദരന്റെ വീടിനു മുകളിലേക്കാണ് തെങ്ങുവീണത്. സമീപത്തെ വീട്ടിലെ തെങ്ങാണ് കാറ്റിൽ പതിച്ചത്. പുതുതായിപണിത വീടിനുമുകളിലെ ട്രസാണ് തകർന്നത്. അമ്പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു.