ചെട്ടിക്കാട് തിരുശേഷിപ്പ് പ്രതിഷ്ഠയുടെ സുവർണജൂബിലി ആഘോഷം ഏഴിന്
1492077
Friday, January 3, 2025 1:45 AM IST
ചെട്ടിക്കാട്: വിശുദ്ധ അന്തോണീസിന്റെ തീർഥാടനകേന്ദ്രത്തിൽ വിശുദ്ധ അന്തോണീസിന്റെ അഴുകാത്ത നാവിന്റെ തിരുശേഷിപ്പുപ്രതിഷ്ഠയുടെ സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഏഴാംതീയതിയാണ് സുവർണജൂബിലിദിനം.
ഇന്നും പാദുവായിലെ ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധന്റെ അഴുകാത്ത നാവിന്റെ ഒരംശമാണ് ചെട്ടിക്കാട് 1975 ജനുവരി ഏഴിന് അന്നത്തെ വരാപ്പുഴ രൂപത മെത്രാൻ ഡോ. ജോസഫ് കേളന്തറ ഫാ. ഡൊമിനിക് ചിറയത്തിന്റെ സാന്നിധ്യത്തിൽ പ്രതിഷ്ഠിച്ചത്. വിശുദ്ധ അന്തോണീസിന്റെ ഈ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന ഏഷ്യയിലെ ഏകദേവാലയമാണ് ചെട്ടിക്കാട് തീർഥാടന കേന്ദ്രം. അതിനാലാണ് കിഴക്കിന്റെ പാദുവ എന്നു ചെട്ടിക്കാട് ദേവാലയം അറിയപ്പെടുന്നത്.
ജൂബിലിയോടനുബന്ധിച്ചു നടത്തുന്ന കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരായ ഒരു കുടുംബത്തിനു നിർമിച്ചുനൽകുന്ന ഭവനത്തിന്റെ കല്ലിടൽകർമം റെക്ടർ റവ.ഡോ. ബെന്നി വാഴക്കൂട്ടത്തിൽ നിർവഹിച്ചു.
ജൂബിലിദിനമായ ചൊവ്വാഴ്ച രാവിലെ 10.30 നു നടക്കുന്ന ആഘോഷമായ ദിവ്യബലിക്കു കോട്ടപ്പുറം രൂപത മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികനാകും. ഫാ. സുഭാഷ് ഒസിഡി വചനസന്ദേശം നൽകും. തുടർന്നു തിരുശേഷിപ്പ് പേടകത്തിൽനിന്നും പുറത്തെടുത്ത് പ്രദക്ഷിണമായി കൊണ്ടുവരും. രാവിലെ 6.15 മുതൽ വൈകീട്ട് 6.30 വരെ തുടർച്ചയായി ദിവ്യബലി, നൊവേന, ആരാധന എന്നിവ നടക്കും.
ജൂബിലിദിനത്തിൽ തീർഥാടകരുടെ തിരക്ക് കണക്കിലെടുത്തു വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുള്ളതായി റെക്ടർ റവ.ഡോ. ബെന്നി വാഴക്കൂട്ടത്തിൽ, ഫാ.അജയ് ആന്റണി പുത്തൻപമ്പിൽ എന്നിവർ അറിയിച്ചു.