ജലസംഭരണിയുടെ പുനര്‍നിര്‍മാണം; അനുമതികാത്ത് വാട്ടര്‍ അഥോറിറ്റി
1492067
Friday, January 3, 2025 1:45 AM IST
എടതിരിഞ്ഞി: കാലപ്പഴക്കംമൂലം അപകടാവസ്ഥയില്‍ നില്ക്കുന്ന എടതിരിഞ്ഞി സെന്ററിലുള്ള ജലസംഭരണി പൊളിച്ചുനീക്കി പുതിയത് നിര്‍മിക്കാന്‍ സര്‍ക്കാര്‍ അനുമതി കാത്ത് വാട്ടര്‍ അഥോറിറ്റി.
ടെൻഡര്‍ തുകയില്‍ കൂടുതലായതിനാലാണ് സര്‍ക്കാര്‍ അനുമതി തേടിയിരിക്കുന്നത്. സംസ്ഥാന ജല്‍ജീവന്‍ മിഷനില്‍നിന്ന് പടിയൂര്‍ പഞ്ചായത്തിന് അനുവദിച്ച ആറുകോടി ഉപയോഗിച്ചാണ് പുതിയ ടാങ്ക് നിര്‍മിക്കുന്നത്. 2023 ഒക്ടോബറിലാണ് വാട്ടര്‍ അഥോറിറ്റി നല്കിയ പദ്ധതിക്ക് ആറുകോടിയുടെ ഭരണാനുമതിയും ഡിസംബറില്‍ 5.1 കോടി രൂപയ്ക്ക് സാങ്കേതികാനുമതിയും ലഭിച്ചത്. എന്നാല്‍ ടെന്‍ഡര്‍ വിളിച്ചെങ്കിലും മൂന്നുതവണ എടുക്കാന്‍ ആളുണ്ടായിരുന്നില്ല. പിന്നീട് 18 ശതമാനം കൂടുതലിനാണ് ടെണ്ടര്‍ ഏറ്റെടുത്തത്.
ടെൻഡര്‍ തുകയേക്കാള്‍ 10 ശതമാനത്തില്‍ കൂടുതല്‍ വന്നാല്‍ സര്‍ക്കാര്‍ അനുമതി വേണമെന്നുള്ളതിനാല്‍ അതിനായി സര്‍ക്കാരിലേക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. അനുമതി ലഭിച്ചാല്‍ ഉടന്‍ പ്രവൃത്തികള്‍ തുടങ്ങുമെന്ന് വാട്ടര്‍ അഥോറിറ്റി വ്യക്തമാക്കി.
നിലവിലുള്ള വാട്ടര്‍ ടാങ്ക് പൊളിക്കുക, പുതിയ ടാങ്ക് പണിയുന്നതുവരെ അവിടെ വെള്ളം കൊടുക്കാനുള്ള സജ്ജീകരണം, മറ്റ് അനുബന്ധ പ്രവൃത്തികളുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ 3.7 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കിന്റെ സ്ഥാനത്ത് അഞ്ചരലക്ഷം ലിറ്റര്‍ ശേഷിയുള്ള പുതിയ ടാങ്ക് നിര്‍മിക്കാനാണ് പദ്ധതി. കാറളം പടിയൂര്‍ ശുദ്ധജലപദ്ധതിയുടെ ഭാഗമായി 1986 ലാണ് പടിയൂര്‍ പഞ്ചായത്തിലെ എടതിരിഞ്ഞിയില്‍ ടാങ്ക് നിര്‍മിച്ചത്.
38 വര്‍ഷം പഴക്കമുള്ള ജലസംഭരണിയുടെ കോണ്‍ക്രീറ്റ് ചെയ്ത തൂണുകളും ടാങ്കിന്റെ അടിഭാഗവും പൊട്ടിപ്പൊളിഞ്ഞ് അടര്‍ന്ന് വീണുകൊണ്ടിരിക്കുകയാണ്. ടാങ്കിന് മുകളില്‍ കയറാനുള്ള ഇരുമ്പ് ഏണി തുരുമ്പ് പിടിച്ച് ദ്രവിച്ച് വീഴാറായ അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് ടാങ്ക് പൂര്‍ണമായും പൊളിച്ചുമാറ്റി പുതിയ ടാങ്ക് നിര്‍മിക്കാന്‍ ഒരുങ്ങുന്നത്.