വികാരി ഫാ. ജോർജ് മംഗലന്റെ പൗരോഹിത്യ സുവർണജൂബിലി ആഘോഷവും അഞ്ചിന്
1492076
Friday, January 3, 2025 1:45 AM IST
മാള: കുഴിക്കാട്ടുശേരി സെന്റ് മേരീസ് പള്ളിയുടെ ഇടവകദിനവും വികാരി ഫാ. ജോർജ് മംഗലന്റെ പൗരോഹിത്യ സുവർണജൂബിലിയും അഞ്ചിന് ആഘോഷിക്കും.
ഉച്ചകഴിഞ്ഞ് 3.30നു വിശുദ്ധ കുർബാന, 4.30നു പൊതുസമ്മേളനം തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. ജൂബിലേറിയനെ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ആദരിക്കും. ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിക്കും.
വിവിധ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോയും ഇടവകദിനാഘോഷ ഉദ്ഘാടനം പുത്തൻചിറ ഫൊറോന വികാരി ഫാ. ബിനോയ് പൊഴോലിപ്പറമ്പിലും നിർവഹിക്കും. മതബോധന അധ്യാപനരംഗത്ത് 50 വർഷങ്ങൾ പൂർത്തീകരിച്ച സെലീനടീച്ചറെ ഫാ. സണ്ണി പുന്നേലിപ്പറമ്പിൽ സിഎംഐ ആദരിക്കും. വിവിധ മേഖലകളിൽ ഉന്നതവിജയം നേടിയവരെയും ചടങ്ങിൽ സമ്മാനങ്ങൾ നൽകി ആദരിക്കും.
സമ്മേളനത്തെതുടർന്ന് ആലപ്പുഴ ബ്ലൂഡയമണ്ടിന്റെ ഗാനമേളയും ഉണ്ടായിരിക്കുമെന്നു കൈക്കാരന്മാരായ പി.ഒ. തോമസ് പുന്നേലിപ്പറമ്പിൽ, പി.ഐ. ജോസ് പുന്നേലിപ്പറമ്പിൽ, കെ.എഫ്. ജോളി കടമ്പാട്ടുപറമ്പിൽ, രക്ഷാധികാരി പി.ടി. തോമസ് പുന്നേലിപ്പറമ്പിൽ എന്നിവർ അറിയിച്ചു.