കാരുണ്യയാത്ര നടത്തി
1492068
Friday, January 3, 2025 1:45 AM IST
ഇരിങ്ങാലക്കുട: ബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിക്കായി തൃശൂര്‍ - കൊടുങ്ങല്ലൂര്‍ റൂട്ടിലെ ഒരു വിഭാഗം ബസുകള്‍ കാരുണ്യയാത്ര നടത്തി സ്വരൂപിച്ച തുക കൈമാറി. 21 ഓളം ബസുകള്‍ കാരുണ്യയാത്രയായി സര്‍വീസ് നടത്തിയത്. സുമനസുകളായ യാത്രികര്‍ ബസ് ചാര്‍ജും അതിലധികവും നല്‍കിയതായി ബസ് ജീവനക്കാര്‍ പറഞ്ഞു. പിരിഞ്ഞുകിട്ടിയ ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപയാണ് ചികിത്സയ്ക്കായി കൈമാറിയത്.
പൂച്ചിന്നിപ്പാടത്ത് സ്വകാര്യ ബസ് ഇടിച്ച് തൊട്ടിപ്പാള്‍ സ്വദേശി നീലങ്കാവില്‍ വിന്‍സെന്റ് മരിക്കുകയും മകള്‍ വിപിനയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ 16 നാണ് അപകടം സംഭവിച്ചത്.
വിന്‍സെന്റും മകള്‍ വിപിനയും ബൈക്കില്‍ പെരുമ്പിള്ളിശേരിയിലേക്ക് പോകുമ്പോഴാണ് വടക്കുംനാഥന് എന്ന സ്വകാര്യബസ് നിയന്ത്രണംവിട്ട് ബൈക്കിലിടിച്ചത്. വിന്‍സെന്റ് അപകട സ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു. തലയ്ക്കും വാരിയെല്ലിനും കാലിനും ഗുരുതരപരിക്കേറ്റ വിപിന എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്വകാര്യ സ്കൂളില്‍ താത്കാലിക തസ്തികയിലെ അധ്യാപികയാണ് വിപിന. 30 ലക്ഷം രൂപ വിപിനയുടെ ചികിത്സയ്ക്കായി വേണ്ടിവരും. ഈ സാഹചര്യത്തിലാണ് തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന 21 ബസുകളുടെ ഉടമകള്‍ കാരുണ്യയാത്ര നടത്താന്‍ തീരുമാനിച്ചത്.
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, ജോയ് തൊട്ടിപ്പാള്‍, പഞ്ചായത്തംഗം ശ്രുതിക്കു തുക കൈമാറി.