ചാലക്കുടി എസ്എച്ച് ശതാബ്ദിആഘോഷ സമാപനം 13ന്
1492071
Friday, January 3, 2025 1:45 AM IST
ചാലക്കുടി: സേക്രഡ് ഹാർട്ട് കോൺവന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഒരു വർഷം നീണ്ടു നിന്ന ശതാബ്ദി ആഘോഷങ്ങളുടെ സമാപനം 13 ന് ഉച്ചയ്ക്ക് 1.30ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എംപി മുഖ്യാതിഥിയാകും. സനീഷ് കുമാർ ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.
സമാപനത്തിന്റെ ഭാഗമായി ഏഴിനു രാവിലെ 9.30ന് ടൗൺ ചുറ്റി വിളംബരജാഥ നടത്തും. എട്ടിനു രാവിലെ 10.30ന് കൃതജ്ഞതാബലിക്ക് ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ജോളി വടക്കൻ കാർമികത്വം വഹിക്കും.
ഒൻപതിന് ഉച്ചയ്ക്കു രണ്ടിന് ഹാർട്ടിയൻസ് ഒരുക്കുന്ന കലാവിരുന്ന് ഉദ്ഘാടനം സാമൂഹിക പ്രവർത്തക ദയാഭായി നിർവഹിക്കും. പൂർവവിദ്യാർഥികൾ സംഭാവന ചെയ്യുന്ന എഐ ലാബ് എഇഒ പി.ബി. നിഷ ഉദ്ഘാടനം നിർവഹിക്കും.ചലച്ചിത്രതാരം സാജു കൊടിയൻ മുഖ്യാതിഥിയാകും. തുടർന്ന് കരോക്കെ ഗാനമേള.
പത്തിനു വൈകീട്ട് നാലിന് ചാലക്കുടിയിലെ കലാകാരന്മാരുടെ നേതൃത്വത്തിൽ നടക്കുന്ന കലാസന്ധ്യ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.എം.അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
11ന് ശതാബ്ദിയുടെ കാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി 10.30ന് നിർധന വിദ്യാർഥിനിക്ക് നിർമിച്ചുനൽക്കുന്ന വീട് സ്നേഹക്കൂട് താക്കോൽദാനകർമം ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. വർഗീസ് പാത്താടൻ നിർവഹിക്കും. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ലിൻ, പിടിഎ പ്രസിഡന്റ്് ലിജോ കുറ്റിക്കാടൻ, പിടിഎ പ്രതിനിധി തോംസൻ ഡേവിസ്, നഗരസഭ അംഗം നിത പോൾ, ജൂബിലി കമ്മിറ്റി കൺവീനർ സ്റ്റാറി പോൾ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.