നിക്ഷേപവുമായി മുങ്ങി; അരക്കോടി രൂപയും പലിശയും നൽകാൻ വിധി
1492079
Friday, January 3, 2025 1:46 AM IST
തൃശൂർ: നിക്ഷേപത്തുകയുമായി മുങ്ങിയ ധനവ്യവസായ സ്ഥാപനത്തിനെതിരേ അന്പതുലക്ഷം രൂപയും പലിശയും നൽകാൻ വിധി. നിക്ഷേപമായി നൽകിയ തുക തിരിച്ചുനൽകാതെ വന്നതോടെ തൃശൂർ മുപ്ലിയം വാളൂരാൻ വീട്ടിൽ ജിജു ഫ്രാൻസിസ് ഫയൽ ചെയ്ത ഹർജിയിലാണ് ചെട്ടിയങ്ങാടിയിലെ ധനകാര്യസ്ഥാപനത്തിന്റെ മാനേജിംഗ് പാർട്ണറായ തൃശൂർ വടൂക്കര സ്വദേശി ജോയ് ഡി. പാണഞ്ചേരി, പങ്കാളിയും ഭാര്യയുമായ റാണി എന്നിവർക്കെതിരായ വിധി.
ജിജു 50 ലക്ഷം രൂപയാണു നിക്ഷേപിച്ചത്. എന്നാൽ, വാഗ്ദാനം ചെയ്തതുപോലെ നിക്ഷേപമോ പലിശയോ നൽകിയില്ല. തുടർന്നാണു ഹർജി ഫയൽ ചെയ്തത്.
തെളിവുകൾ പരിഗണിച്ച പ്രസിഡന്റ് സി.ടി. സാബു, അംഗങ്ങളായ എസ്. ശ്രീജ, ആർ. റാം മോഹൻ എന്നിവരടങ്ങിയ ഉപഭോക്തൃകോടതിയാണ് ഹർജിക്കാരന് അരക്കോടി രൂപയും ഹർജി നൽകിയ ദിവസംമുതൽ ഒന്പതുശതമാനം പലിശയും നൽകാൻ വിധിച്ചത്. ഹർജിക്കാരനുവേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.