കിഫ്ബി ടോൾ പിരിവിൽ കടുത്ത എതിർപ്പുയർത്തി പ്രതിപക്ഷം
Wednesday, February 5, 2025 4:19 AM IST
തിരുവനന്തപുരം: കിഫ്ബി റോഡുകളിൽനിന്നു ടോൾ പിരിക്കുന്നതിനുള്ള നീക്കത്തിനെതിരേ പ്രതിപക്ഷം. സർക്കാരിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമുണ്ടാകുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞപ്പോൾ, ടോൾ പിരിച്ചാൽ തടയുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ മുന്നറിയിപ്പു നൽകി. ടോൾ ഈടാക്കാനുള്ള ഏതു നീക്കത്തിനെതിരേയും വൻപ്രതിഷേധം ഉണ്ടാകുമെന്നു രമേശ് ചെന്നിത്തലയും വ്യക്തമാക്കി.
ബ്രൂവറി അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തു വന്നിരിക്കുന്നതിനിടയിലാണ് കിഫ്ബി റോഡിൽനിന്നു ടോൾ പിരിക്കാനുള്ള നീക്കം. ഇതിനെതിരേയുള്ള പ്രതിഷേധം കടുപ്പിക്കാനാണു പ്രതിപക്ഷം ഒരുങ്ങുന്നത്. സർക്കാരിന്റെ ധൂർത്തും അഴിമതിയും പിൻവാതിൽ നിയമനങ്ങളുമാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിക്കു കാരണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
കിഫ്ബിയുടെ കടം പെരുകി തിരിച്ചടവു ബുദ്ധിമുട്ടായപ്പോൾ ജനങ്ങളെ പിഴിയാനാണ് സർക്കാർ നീക്കമെന്നു കെ. സുധാകരൻ കുറ്റപ്പെടുത്തി. സർക്കാരിനു വന്ന പാളിച്ച ജനങ്ങളുടെ തലയിൽ ഭാരമായി കയറ്റിവയ്ക്കാൻ പാടില്ലെന്നു രമേശ് ചെന്നിത്തല പറഞ്ഞു. കിഫ്ബി ഒരു വെള്ളാനയാണെന്നു തങ്ങൾ പറഞ്ഞപ്പോൾ പരിഹസിച്ചവർ ഇപ്പോൾ മറുപടി പറയണമെന്നും രമേശ് ആവശ്യപ്പെട്ടു.
ടോൾ എന്നു വിളിക്കല്ലേ... അതു യൂസർ ഫീ ബിൽ
തിരുവനന്തപുരം: കിഫ്ബി നിർമിക്കുന്ന സംസ്ഥാനത്തെ റോഡുകൾക്ക് ടോളിനു പകരം യൂസർഫീസ് ഈടാക്കാനുള്ള പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ. റോഡുകൾക്ക് ടോളിനു പകരം യൂസർ ഫീ എന്ന പേരിൽ ജനങ്ങളെ കൊള്ളയടിക്കാനാണ് കരട് നിയമത്തിൽ നിർദേശിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്ന വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് ജനങ്ങളെ കൊള്ളയടിക്കാനുള്ള പദ്ധതികൾ തയാറാക്കുന്നതെന്ന് ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽതന്നെ വ്യാപകമായ ആക്ഷേപമുണ്ട്.
നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ ബില്ല് കൊണ്ടുവരാനാണ് സർക്കാർ നീക്കം. കിഫ്ബി നിർമിച്ച സംസ്ഥാന പാതകളിലൂടെ 15 കിലോമീറ്ററിന് മുകളിൽ യാത്ര ചെയ്യുന്നവരിൽ നിന്നായിരിക്കും യൂസർ ഫീസ് വാങ്ങുകയെന്നാണ് കരട് നിയമത്തിൽ പറയുന്നത്.