രണ്ടാനച്ഛന് ദത്തെടുക്കൽ അനുമതി; വ്യക്തത വരുത്തണമെന്ന് കോടതി
Wednesday, February 5, 2025 1:51 AM IST
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ രണ്ടാനച്ഛന് ദത്തെടുക്കുന്നതിന് കുട്ടിയുടെ യഥാര്‍ഥ പിതാവിന്റെ അനുമതി ആവശ്യമാണോയെന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നു ഹൈക്കോടതി.
കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് അനുമതി സംബന്ധിച്ച കാര്യത്തില്‍ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അഥോറിറ്റി ഉള്‍പ്പെടെ എതിര്‍കക്ഷികളുടെ വിശദീകരണം ജസ്റ്റീസ് സി.എസ്. ഡയസ് തേടിയത്.
പതിനേഴുകാരനായ കുട്ടിയെ ദത്തെടുക്കാന്‍ അനുമതിക്കായി ദമ്പതികള്‍ നേരത്തേ അഥോറിറ്റിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളിയിരുന്നു. പിന്നീട് കോടതി വ്യവഹാരങ്ങളിലൂടെ കുട്ടിയുടെ സ്ഥിരസംരക്ഷണാവകാശം അമ്മയ്ക്കു ലഭിച്ചു. കുട്ടിയുടെ പരിമിത അവകാശം പിതാവിന് കോടതി അനുവദിച്ചെങ്കിലും 2016നു ശേഷം കുട്ടിയെ അവഗണിക്കുന്ന സമീപനമാണു സ്വീകരിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു.