ബ്രൗസറില്‍ പാസ്വേഡുകള് സൂക്ഷിക്കല്ലേ; ഒട്ടും സുരക്ഷിതമല്ല
Wednesday, February 5, 2025 1:50 AM IST
കൊച്ചി: ബ്രൗസറില്‍ പാസ്വേഡുകള് സൂക്ഷിക്കുന്നത് ഒട്ടും സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി പോലീസ്. പലപ്പോഴും ലോഗിന്‍ ക്രെഡന്‍ഷ്യലുകളും പാസ്വേഡുകളും സേവ് ചെയ്യാന്‍ ബ്രൗസറുകളും ആപ്ലിക്കേഷനും ആവശ്യപ്പെടാറുണ്ട്. ഇത് അടുത്ത തവണ ലോഗിന്‍ ചെയ്യുന്നത് എളുപ്പത്തിലാക്കുമെങ്കിലും സംഭവം ഒട്ടും സുരക്ഷിതമല്ലെന്നാണ് പോലീസ് മുന്നറിയിപ്പ്.
കാരണം ഫോണ്‍ നഷ്ടപ്പെടുകയോ അല്ലെങ്കില്‍ ലാപ്ടോപ്പ് പോലെ ബാങ്കിംഗ് സൈറ്റിലേക്ക് ലോഗിന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ മറ്റൊരാളുടെ കൈകളില്‍ അകപ്പെടുകയോ ചെയ്താല്‍ അവര്‍ക്ക് നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ഇടപാടുകള്‍ നടത്താനും അത് ദുരുപയോഗം ചെയ്യാനും എളുപ്പത്തില്‍ സാധിക്കും. അതുകൊണ്ടുതന്നെ പാസ്വേഡുകള് അല്ലെങ്കില്‍ ക്രെഡന്‍ഷ്യലുകള്‍ എവിടെയും സേവ് ചെയ്യരുത്.
ബ്രൗസറുകളിലെ സെറ്റിംഗ്സില് സേവ് പാസ്വേര്ഡ് ഓപ്ഷന് ഡിസേബിള്‍ ചെയ്യുന്നതാണ് അഭികാമ്യമെന്നും പോലീസ് പറയുന്നു.
മുന്‍കരുതലെടുക്കാം
* ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സമയത്ത് പ്രത്യക്ഷപ്പെടുന്ന സംശയാസ്പദമായ പോപ്പ്അപ്പുകള്ക്കെതിരേ ജാഗ്രത പാലിക്കുക.
* ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുന്നതിനുമുമ്പ് എല്ലായ്പ്പോഴും സുരക്ഷിതമായ പേമെന്റ് ഗേറ്റ്വേ (tthps:// താഴിന്റെ (padlock) ചിഹ്നമുള്ള URL) പരിശോധിക്കുക.
* നിങ്ങളുടെ പിന് (വ്യക്തിഗത തിരിച്ചറിയല്‍ നമ്പര്‍) പാസ്വേഡ്, ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് നമ്പര്‍, സിവിവി എന്നീ സ്വകാര്യ സാമ്പത്തിക വിവരങ്ങള്‍ ബാങ്ക്, സാമ്പത്തിക സ്ഥാപനങ്ങള്‍, കൂട്ടുകാര്‍, കുടുംബാംഗങ്ങള്‍ എന്നിവരുമായി പങ്കുവയ്ക്കാതിരിക്കുക.
* വെബ്സൈറ്റുകള്‍/ ഉപകരണങ്ങള്‍/ പൊതുലാപ്ടോപ്പ്/ ഡെസ്ക്ടോപ്പുകള്‍ എന്നിവയില്‍ കാര്‍ഡ് വിശദാംശങ്ങള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക.
* സൗകര്യം ലഭ്യമാകുന്നിടത്ത്, ടു ഫാക്ടര്‍ ഓഥന്റിഫിക്കേഷന്‍ പ്രവര്‍ത്തനക്ഷമമാക്കുക.
* സംശയാസ്പദമായ അനുബന്ധം (ttAachment) അല്ലെങ്കില്‍ ഫിഷിംഗ് ലിങ്കുകള്‍ ഉണ്ടായേക്കാമെന്നതിനാല്‍ അജ്ഞാതമായ/പരിചിതമല്ലാത്ത ഉറവിടങ്ങളില്‍നിന്നുള്ള ഇ- മെയിലുകള്‍ ഒരിക്കലും തുറക്കരുത്.
* കൃത്യമായ ഇടവേളകളില്‍ പാസ്വേഡുകള് മാറ്റുക.
* ഉപകരണത്തില്‍ ആന്റി വൈറസ് ഇന്‍സ്റ്റാള്‍ ചെയ്യുക, ലഭ്യമാകുമ്പോഴെല്ലാം അപ്ഡേറ്റുകള് ഇന്‍സ്റ്റാള്‍ ചെയ്യുക.
* ഉപയോഗിക്കുന്നതിനുമുമ്പ് എല്ലായ്പ്പോഴും അജ്ഞാത യുഎസ്ബി ഡ്രൈവുകള്‍/ ഉപകരണങ്ങള്‍ സ്കാന്‍ ചെയ്യുക.
* മൊബൈല്‍ഫോണ്‍/ ലാപ്ടോപ്പ് ലോക്ക് ചെയ്യാതെ വയ്ക്കരുത്.
* ഫോണിന്റെ ഓട്ടോ ലോക്ക് നിര്ദിഷ്ടസമയത്തേക്ക് ക്രമീകരിക്കുക.
* ഫോണില്‍/ ലാപ്ടോപ്പില്‍ പരിചിതമല്ലാത്ത ആപ്ലിക്കേഷനുകളോ സോഫ്റ്റ് വെറോ ഇന്‍സ്റ്റാള്‍ ചെയ്യരുത്.
* സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക.
* അജ്ഞാതമായ/പരിചിതമല്ലാത്ത ബ്രൗസറുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
* പരിചയമില്ലാത്ത വെബ്സൈറ്റുകളില്‍ സുരക്ഷിതമായ വ്യക്തിഗതവിവരങ്ങള്‍ നല്‍കുന്നത് ഒഴിവാക്കുക.
* ആരുമായും സ്വകാര്യവിവരങ്ങള്‍ പങ്കിടരുത്, പ്രത്യേകിച്ചും സമൂഹമാധ്യമങ്ങളിലെ അജ്ഞാതരായ വ്യക്തികളുമായി.
* പൊതു ഉപകരണങ്ങളില്‍ എല്ലായ്പ്പോഴും വെര്‍ച്വല്‍ കീബോര്‍ഡ് ഉപയോഗിക്കുക.
* ഉപയോഗം കഴിഞ്ഞയുടനെ ഇന്റര്‍നെറ്റ് ബാങ്കിംഗ് സെഷനില്‍ നിന്ന് ലോഗ്ഔട്ട് ചെയ്യണം
* നിശ്ചിത കാലയളവില്‍ പാസ്വേഡുകള് മാറ്റുക.
* ഇ-മെയില്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവയ്ക്കായി ഒരേ പാസ്വേഡുകള് ഉപയോഗിക്കരുത്.
* സാമ്പത്തിക ഇടപാടുകള്‍ക്കായി സൈബര്‍ കഫെ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
ഫോണ്‍, തട്ടിപ്പുകാരുടെ നിരീക്ഷണത്തിലാണെന്ന് സൂചിപ്പിക്കുന്ന ഘടകങ്ങള്‍
• അപരിചിതമായ ആപ്പുകള്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിരിക്കുന്നു.
• ബാറ്ററിയുടെ ചാര്‍ജ് സാധാരണയില്‍നിന്നും വേഗത്തില്‍ കുറയുന്നു.
• ഫോണ്‍ ചൂടാകുന്നത് ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി പശ്ചാത്തലത്തില്‍ സ്പൈ വെയര്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാകാം.
• ഫോണിലെ ഡാറ്റ ഉപയോഗം ക്രമാതീതമായി വര്‍ധിക്കും
• സ്പൈ വെയര്‍ ആപ്പുകള്‍ ഫോണിന്റെ ഷട്ട് ഡൗണ്‍ പ്രക്രിയയെ ബാധിച്ചേക്കാം. ചിലപ്പോള്‍ ഫോണ്‍ കൃത്യമായി ഷട്ട് ഡൗണ്‍ ആകുന്നില്ല അല്ലെങ്കില്‍ പതിവില്‍ കവിഞ്ഞ സമയം എടുത്തേക്കാം.
• സ്പൈ വെയറിനും മാല്‍വെയറിനും വിവരങ്ങള്‍ അയയ്ക്കാനും സ്വീകരിക്കാനും ടെക്സ്റ്റ് മെസേജ് ഉപയോഗിക്കാന്‍ കഴിയുമെന്നും മനസിലാക്കുക.