നെന്മാറ ഇരട്ടക്കൊല: പ്രതിയുമായി തെളിവെടുപ്പ് നടത്തി
Wednesday, February 5, 2025 1:51 AM IST
നെന്മാറ: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ കുറ്റകൃത്യംനടന്ന സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പു നടത്തി. ഒരു കൂസലുമില്ലാതെ, അക്ഷോഭ്യനായാണ് ചെന്താമര തെളിവെടുപ്പുമായി സഹകരിച്ചത്.
തെളിവെടുപ്പിനായി പോത്തുണ്ടി അടക്കമുള്ള പ്രദേശങ്ങളില്‍ കനത്ത പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു. മൂന്നു ഡിവൈഎസ്പിമാരും 11 ഇന്‍സ്പെക്ടര്‍മാരും അടക്കം 350 ഓളം പോലീസുകാരെയാണു വിന്യസിച്ചിരുന്നത്. ജനകീയ പ്രതിഷേധംകൂടി കണക്കിലെടുത്തായിരുന്നു ഈ മുൻകരുതൽ. ഡ്രോണ്‍ ഉപയോഗിച്ചും നിരീക്ഷണം നടത്തിയിരുന്നു.
ആദ്യം സുധാകരനെ കൊലപ്പെടുത്തിയ സ്ഥലത്തും, തുടര്‍ന്ന് അമ്മ ലക്ഷ്മിയെ കൊലപ്പെടുത്തിയ സ്ഥലത്തും തെളിവെടുത്തു. കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട വഴിയെക്കുറിച്ചും ചെന്താമര പോലീസിനോടു പറഞ്ഞു. കൃത്യത്തിനുശേഷം വയലിലൂടെയാണു രക്ഷപ്പെട്ടത്.
വീടിനു പിന്നിലൂടെ തെങ്ങിന്തോട്ടംവഴി കനാലിനടുത്തേക്കുപോയി. അതിന്റെ ഓവിനുള്ളില്‍ കിടന്നു. പോലീസും നാട്ടുകാരും ആദ്യം തെരയുമ്പോള്‍ വയലിനുസമീപം തന്നെയുണ്ടായിരുന്നു. പിന്നീട് കമ്പിവേലിചാടി രാത്രി മലയിലേക്കു കയറിപ്പോയെന്നും ചെന്താമര പറഞ്ഞു. വീടിനകത്ത് ആയുധംവച്ച സ്ഥലവും ചെന്താമര പോലീസിനു കാണിച്ചുകൊടുത്തു.
വിയ്യൂർ സെന്‍ട്രല്‍ ജയിലില്‍നിന്ന് ഇന്നലെ രാവിലെ ചെന്താമരയെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് രണ്ടു ദിവസത്തേക്കു കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നുവരെയാണ് പോലീസിന്റെ കസ്റ്റഡിയിൽവിട്ടത്.
വെട്ടിവീഴ്ത്തിയ റോഡിൽ വീണ്ടും നടന്ന് ചെന്താമര
രണ്ടുപേരെ വെട്ടിക്കൊന്ന വഴിയിലൂടെ വീണ്ടുംനടന്ന് പ്രതി ചെന്താമര. ഇയാളെ ഉച്ചയ്ക്ക് 12.30 യോടെയാണ് പോത്തുണ്ടി ബോയൻ കോളനിയിൽ എത്തിച്ചത്.
സുധാകരനെയും ലക്ഷ്മിയെയും വെട്ടിവീഴ്ത്തിയ റോഡിൽ ക്രൈം സീൻ പുനരാവിഷ്കരിച്ചു.കൊലപാതകത്തിനുശേഷം ചെന്താമര കൊടുവാൾ ഉപേക്ഷിച്ച വീട്ടിലും ശേഷം ഓടിരക്ഷപ്പെട്ട പാടവരമ്പത്തും, മൊബൈൽ ഫോണും സിമ്മും ഉപേക്ഷിച്ച കനാലിനു സമീപവുമെല്ലാം വിശദമായ തെളിവെടുപ്പാണു പോലീസ് നടത്തിയത്.