കർഷക ക്ഷേമനിധി പെൻഷൻ ; തുകയില്ലെങ്കിൽ പദ്ധതിയില്ല
Wednesday, February 5, 2025 4:00 AM IST
റെനീഷ് മാത്യു
കണ്ണൂർ: ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലയളവിൽ തുടക്കമിട്ട കർഷക ക്ഷേമനിധി പെൻഷൻ പദ്ധതിക്കു രണ്ടാം പിണറായി സർക്കാരിന്റെ ഈ ബജറ്റിൽ തുക വകയിരുത്തിയാൽ മുന്നോട്ടു പോകും.
തുകയില്ലെങ്കിൽ പദ്ധതിക്കു മുന്നോട്ടുപോകാനാകില്ലെന്നു കൃഷിവകുപ്പ് ധനവകുപ്പിനെ അറിയിച്ചിരുന്നു. പെൻഷൻ പദ്ധതി സർക്കാരിനു ബാധ്യതയാകുമെന്നാണു ധനവകുപ്പ് പറയുന്നത്.
കർഷക ക്ഷേമനിധി പെൻഷനായുള്ള കർഷക രജിസ്ട്രേഷൻ ഓൺലൈൻ മുഖാന്തരം നടത്തുന്നതിനുള്ള സോഫ്റ്റ്വേർ 2021 ഡിസംബർ ഒന്നിനാണു കൃഷിമന്ത്രി തുറന്നുകൊടുത്തത്. തുടക്കത്തിൽ 20 ലക്ഷം അംഗങ്ങളെ ചേർക്കാൻ തുടക്കമിട്ട പദ്ധതിയിൽ 2024 ഡിസംബർ 30 വരെ 11,852 പേരുടെ രജിസ്ട്രേഷൻ മാത്രമാണു പൂർത്തിയായിരിക്കുന്നത്. പദ്ധതി മുന്നോട്ടു പോകണമെങ്കിൽ ഈ ബജറ്റിൽ പ്രത്യേക തുക വകയിരുത്തണം.
പദ്ധതിക്കു മുന്നിലുള്ള തടസങ്ങൾ
2027 ജനുവരി മുതൽ കർഷക പെൻഷൻ പദ്ധതിയിൽ ചേർന്നവർക്ക് പെൻഷൻ കൊടുത്തുതുടങ്ങേണ്ടതാണ്. എന്നാൽ, ഫണ്ട് വകയിരുത്താത്തതിനാല് തുകയിലും മറ്റാനുകൂല്യങ്ങൾ നല്കുന്നതിലും സർക്കാർ ഇതുവരെയും തീരുമാനമായിട്ടില്ല.
നിലവിൽ പെൻഷൻ പദ്ധതിയിൽ ചേർന്ന കർഷകർ മാത്രമാണു പണം അടയ്ക്കുന്നത്. കർഷകർക്ക് അടയ്ക്കേണ്ടതിനു സമാനമായ തുക സർക്കാർ അടയ്ക്കേണ്ടതാണ്. എന്നാൽ, ഫണ്ടില്ലാത്തതിനാൽ ഈ തുകയും സർക്കാർ അടയ്ക്കുന്നില്ല.
കൃഷി വകുപ്പ് മുഖേന കാന്പയിൻ നടത്തി പദ്ധതിയിൽ അംഗങ്ങളെ ചേർക്കാനായിരുന്നു തീരുമാനം. തുടക്കത്തിൽ കാന്പയിൻ നടന്നെങ്കിലും ഫണ്ടില്ലാത്തതിനാൽ കാന്പയിൻ നിർത്തി വയ്ക്കാൻ കൃഷിഭവൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു.
പദ്ധതിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ ഓഫീസുകൾ തുറന്നെങ്കിലും ഫണ്ട് ലഭ്യമല്ലാത്തതിനാൽ ജീവനക്കാരെ നിയമിക്കുകയോ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയോ ചെയ്തിട്ടില്ല.