മുകേഷിന് സിപിഎമ്മിന്റെ അപ്രഖ്യാപിത വിലക്ക്
Wednesday, February 5, 2025 1:51 AM IST
കൊല്ലം: നടനും എംഎൽഎയുമായ എം. മുകേഷിന് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തി സിപിഎം. പാർട്ടിയുമായി ബന്ധപ്പെട്ട പൊതുപരിപാടികളിൽ താത്കാലികമായി പങ്കെടുപ്പിക്കേണ്ടെന്നും പ്രചാരണ പോസ്റ്ററുകളിൽ ഫോട്ടോ ഉൾപ്പെടുത്തേണ്ട എന്നുമാണ് പാർട്ടി ജില്ലാ നേതൃത്വത്തിന്റെ അനൗദ്യോഗിക തീരുമാനം. ഈ വിവരം ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്.
മുകേഷിന് എതിരേ നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ കുറ്റപത്രം നൽകിയ സാഹചര്യത്തിലാണ് ജില്ലാ നേതൃത്വം ഇത്തരത്തിൽ ഒരു തീരുമാനത്തിൽ എത്താൻ നിർബന്ധിതമായത്. അതേ സമയം എംഎൽഎ എന്ന നിലയിൽ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന് വിലക്ക് ഒന്നുമില്ല. ഈ പരിപാടികളിൽ പ്രമുഖ നേതാക്കൾ പരമാവധി വിട്ടു നിൽക്കാനുമാണ് സാധ്യത. പീഡന പരാതിയിൽ അതിവേഗം കുറ്റപത്രം സമർപ്പിച്ചതോടെ കൊല്ലത്തെ സിപിഎം നേതൃത്വം പ്രതിരോധത്തിലായി എന്നതാണ് വാസ്തവം.
പാർട്ടി സംസ്ഥാന സമ്മേളനം മാർച്ച് ആറു മുതൽ ഒമ്പത് വരെ കൊല്ലത്താണ് നടക്കുന്നത്. അതിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് മുകേഷിന് എതിരേയുള്ള കേസ് മങ്ങൽ ഏൽപ്പിക്കുമോ എന്ന ആശങ്കയും പാർട്ടി ജില്ലാ നേതൃത്വത്തെ അലട്ടുന്നുമുണ്ട്. മാത്രമല്ല പ്രതിപക്ഷത്തെ പ്രധാന സംഘടനകൾ എല്ലാം മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭവും തുടങ്ങിക്കഴിഞ്ഞു.
മുകേഷിന്റെ ഓഫീസിലേക്കും വസതിയിലേക്കുമാക്കെ കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തിലും അവരുടെ പോഷക സംഘടനകളുടെ ആഭിമുഖ്യത്തിലും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിരുന്നു. മുകേഷ് രാജി വയ്ക്കുംവരെ സമരം തുടരുമെന്നാണ് ഈ സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ളത്.
സമരങ്ങൾക്ക് ലഭിക്കുന്ന ജനപിന്തുണയും സിപിഎം ജില്ലാ നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്. സിപിഎം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള സെമിനാറുകളും തൊഴിലാളി സംഗമങ്ങളും ഇതര പരിപാടികളും കൊല്ലം നഗരത്തിലും ജില്ലയിൽ ഉടനീളവും നടന്നുവരികയാണ്.
ഈ പരിപാടികൾക്ക് കാര്യമായ മാധ്യമ ശ്രദ്ധ ലഭിക്കുന്നില്ല എന്ന പരിഭവവും സിപിഎം ജില്ലാ നേതൃത്വത്തിനുണ്ട്. അതേ സമയം മുകേഷിനെതിരായ പ്രതിഷേധം എല്ലാ ദിവസവും മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുകയും ചെയ്യുന്നു.
ഇതിനിടയിൽ കോടതി വിധി വരുന്നതുവരെ മുകേഷിന് എംഎൽഎ സ്ഥാനത്ത് തുടരാമെന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന കൂടി വന്നതോടെ ജില്ലാ നേതൃത്വം കൂടുതൽ പരുങ്ങലിലായി.മുകേഷിന് എതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ച ശേഷം കൊല്ലത്ത് പാർട്ടി നേതൃത്വം കാര്യമായ പ്രതികരണം നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
സംസ്ഥാന സെക്രട്ടറി അഭിപ്രായം പറഞ്ഞ സ്ഥിതിക്ക് കൂടുതൽ പ്രതികരണത്തിന് ഇല്ല എന്ന നിലപാടിൽ എത്തി നിൽക്കുകയാണ് ജില്ലാ നേതൃത്വം. ഈ സാഹചര്യത്തിലാണ് മുകേഷിനെ പാർട്ടി പരിപാടികളിൽ നിന്ന് തത്കാലം പടിക്ക് പുറത്ത് നിർത്താൻ ബന്ധപ്പെട്ടവർ അനൗദ്യോഗികമായി തീരുമാനം എടുത്തിട്ടുള്ളത്.