കെഎസ്ടിഎഫ് സംസ്ഥാന സമ്മേളനം നാളെ മുതൽ കോട്ടയത്ത്
Wednesday, February 5, 2025 1:51 AM IST
തിരുവനന്തപുരം: കേരള സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് (കെഎസ്ടിഎഫ് ) സംസ്ഥാന സമ്മേളനത്തിന് നാളെ കോട്ടയത്ത് തുടക്കമാകും. കോട്ടയം ഐഎംഎ ഓഡിറ്റോറിയറ്റിൽ നടക്കുന്ന സമ്മേളനം എട്ടിന് അവസാനിക്കും.
നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് സംസ്ഥാന പ്രസിഡന്റ എം.കെ. ബിജു പാതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. നാലിന് ആരംഭിക്കുന്ന സമ്മേളനം ജനാധിപത്യ കേരള കോണ്ഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. ഫ്രാൻസീസ് തോമസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എം.കെ. ബിജു അധ്യക്ഷത വഹിക്കും.
സംസ്ഥാന സമ്മേളനത്തിൽ സംഘടനാ ചർച്ച, വനിതാ സമ്മേളനം, വിദ്യാഭ്യാസ സമ്മേളനം, യാത്രയയപ്പ് സമ്മേളനം എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും. വിദ്യാഭ്യാസ സമ്മേളനം ജനാധിപത്യ കേരള കോണ്ഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. ജോസഫും സമാപന സമ്മേളനം ചെയർമാൻ ഡോ. കെ.സി. ജോസഫും ഉദ്ഘാടനം ചെയ്യും.
കെഎസ്ടിഎഫ് ജനറൽ സെക്രട്ടറി പി.എം. മുഹമ്മദലി റിപ്പോർട്ട് അവതരിപ്പിക്കും. ട്രഷറർ ജെയിംസ് സേവ്യർ, വൈസ്പ്രസിഡന്റുമാരായ ജോസഫ് വർഗീസ്, ജെ.ആർ. സാലു , കോശി ഏബ്രഹാം, വി.എം. ജോസഫ് തുടങ്ങിയവർ നേതൃത്വം നല്കും.
ഈ വർഷം സർവീസിൽനിന്നു വിരമിക്കുന്ന സംസ്ഥാന സെക്രട്ടറിമാരായ പി. മനോജ് കുമാർ, എൻ. മനോജ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഐ. ഡബ്ല്യൂ. ജഡ്സണ് എന്നിവരെ ആദരിക്കും.