എസ്എഫ്ഐ പ്രതിഷേധം; വിശദീകരണം തേടി ഗവർണർ
Wednesday, February 5, 2025 1:50 AM IST
തിരുവനന്തപുരം: കേരള സർവകലാശാലാ വൈസ്ചാൻസലറുടെ ചേംബറിൽ അതിക്രമിച്ചു കയറി എസ്എഫ്ഐക്കാർ നാശനഷ്ടം വരുത്തിയ സംഭവത്തിൽ സംസ്ഥാന സർക്കാർ പ്രതിനിധിയായ ജില്ലാ കളക്ടറോടും കേരള സർവകലാശാല വിസിയോടും വിശദീകരണം തേടി ഗവർണർ.
രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഗവർണറായി ചുമതലയേറ്റ ശേഷം സർവകലാശാല വിഷയത്തിൽ ആദ്യമായാണ് സംസ്ഥാന സർക്കാർ പ്രതിനിധിയോടു വിശദീകരണം തേടുന്നത്. സംഭവവുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ച അടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് നൽകാനാണ് കളക്ടർക്കു നൽകിയ നിർദേശം.
അതേസമയം, രജിസ്ട്രാറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായ സാഹചര്യത്തിൽ വൈസ് ചാൻസലർ ഡോ.മോഹൻ കുന്നുമ്മൽ, രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിനോടു വിശദീകരണം തേടി.