വന്യജീവി ആക്രമണം; സർക്കാർ പ്രായോഗിക നടപടികൾ സ്വീകരിക്കുന്നില്ലെന്ന് വി.ഡി. സതീശൻ
Wednesday, February 5, 2025 4:00 AM IST
മുണ്ടക്കയം: വന്യജീവി ആക്രമണത്തില്‍ നൂറുകണക്കിന് ഹതഭാഗ്യര്‍ക്ക് ജീവന് നഷ്ടമായിക്കൊണ്ടിരിക്കെ സര്‍ക്കാര്‍ യാതൊരു പ്രായോഗിക നടപടിയും സ്വീകരിക്കുന്നില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ആറു വര്‍ഷത്തിനുള്ളില്‍ അറുപതിനായിരത്തിലധികം വന്യജീവി ആക്രമണങ്ങളിലായി എണ്ണായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു.
കോടിക്കണക്കിന് രൂപയുടെ കൃഷി നാശമുണ്ടായി. ഈ സാഹചര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ അനങ്ങാപ്പാറ നയമാണു പുലര്‍ത്തുന്നതെന്ന് മലയോര സമര ജാഥയ്ക്കു മുണ്ടക്കയത്ത് നല്കിയ സ്വീകരണത്തില്‍ സതീശന് പറഞ്ഞു.
മലയോര ജാഥ വിജയമായതിനു തെളിവാണു വിവാദമായ വനനിയമം പിന്‍വലിച്ച സര്‍ക്കാര്‍ നടപടി. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഏറ്റവും പരിഗണന മലയോര മേഖലയിലെ വന്യമൃഗ കടന്നേറ്റത്തിന് പരിഹാരം കാണാനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ ഇറങ്ങാതിരിക്കുവാന്‍ പരമ്പരാഗത പ്രതിരോധ സംവിധാനങ്ങള്‍ നടപ്പാക്കണം. വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് കടക്കുന്നുണ്ടോ എന്നറിയാന്‍ ആധുനിക സംവിധാനങ്ങള്‍ നിലവിലുണ്ട്.
മിക്കസംസ്ഥാനങ്ങളും ഇത്തരത്തില്‍ മുന്നേറിയിട്ടും കേരളം മെല്ലെപ്പോക്കിലാണ്. സംസ്ഥാന സര്‍ക്കാര്‍ വന്യജീവി ആക്രമണം തടയുവാന്‍ ഒരു രൂപ പോലും ചെലവാക്കുവാന്‍ തയാറായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.