പണിമുടക്ക് വിജയകരമെന്നു ടിഡിഎഫ്; പൊളിഞ്ഞെന്നു ഗതാഗത മന്ത്രി
Wednesday, February 5, 2025 1:51 AM IST
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പ്രതിപക്ഷ ട്രേഡ് യൂണിയനായ ടിഡിഎഫിന്റെ നേതൃത്വത്തിൽ നടത്തിയ പണിമുടക്കിൽ ചിലയിടങ്ങളിൽ സംഘർഷം.
തിരുവനന്തപുരം തന്പാനൂർ ടെർമിനലിൽ സർവീസ് നടത്താൻ തുടങ്ങിയ ബസിനു മുന്നിൽ കിടന്ന് ട്രേഡ് യൂണിയൻ നേതാക്കൾ പ്രതിഷേധിച്ചതോടെ ഇവിടെ പോലീസും സമരാനുകൂലികളും തമ്മിൽ വാക്കേറ്റമുണ്ടായി.
നെടുമങ്ങാട് ഡിപ്പോയിലും സമരാനുകൂലികളും പോലീസും തമ്മിൽ വാക്കു തർക്കമുണ്ടായി. സമരത്തെ തുടർന്ന് സംസ്ഥാനത്ത് പല സ്ഥലങ്ങളിലും സമാന സ്ഥിതിയുണ്ടായി. ചില മേഖലകളിൽ സർവീസുകൾ വെട്ടിക്കുറച്ചു. പണിമുടക്ക് വിജയകരമായിരുന്നുവെന്ന് ട്രേഡ് യൂണിയൻ ഭാരവാഹികൾ അവകാശപ്പെട്ടു. 70 ശതമാനം സ്ഥിരം ജീവനക്കാരും സമരത്തിൽ പങ്കെടുത്തുവെന്നാണ് ഇവരുടെ അവകാശവാദം. എന്നാൽ സമരം പൂർണമായി പരാജയപ്പെട്ടെന്നു ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാർ പ്രതികരിച്ചു.
ജീവനക്കാർക്ക് ശന്പളം കൃത്യമായി നൽകുക, ഡിഎ കുടിശിക അനുവദിക്കുക, കെഎസ്ആർടിസിയിലെ അഴിമതികൾ സംസ്ഥാന വിജിലൻസ് അന്വേഷണം നടത്തുക, കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ടിഡിഎഫ് നേതൃത്വത്തിൽ പണിമുടക്ക് നടത്തിയത്. സമരം പൊളിഞ്ഞതോടെ പ്രാകൃത സമരം ഇനി വേണ്ട എന്ന സന്ദേശമാണ് നല്കുന്നതെന്നു ഗതാഗത മന്ത്രി ഗണേഷ്കുമാർ പറഞ്ഞു.
കെഎസ്ആർടിസിക്ക് വരുമാന നഷ്ടം
ഒരു വിഭാഗം ജീവനക്കാർ നടത്തിയ പണിമുടക്കിനെ തുടർന്ന് കെഎസ്ആർടിസിക്ക് വരുമാന നഷ്ടം. കൊട്ടാരക്കരയിൽ ആറ് ബസുകൾക്ക് സർവീസ് നടത്താനാവാത്ത വിധം സമരക്കാർ കേടുപാടുകൾ വരുത്തി.ബസുകളിൽ യാത്രക്കാർ തീരെ കുറവായിരുന്നു.
അഭിമാന പ്രശ്നമായി സർവീസുകൾ ഓപ്പറേറ്റ് ചെയ്തപ്പോൾ, സമര ഭീതിയിൽ യാത്രക്കാർ അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കിയതാണ് വരുമാന നഷ്ടം വരുത്തിയത്. എന്നാൽ ഉച്ചയ്ക്കുശേഷം സാധാരണ പോലെ യാത്രക്കാർ ഉണ്ടായി.
കെഎസ്ആർടിസിയുടെ 93 യൂണിറ്റുകളിൽ 41 യൂണിറ്റുകളിൽ 100 മുതൽ 123 ശതമാനം സർവീസുകൾ വരെ നടത്തിയതായി ഓപ്പറേഷൻസ് വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടർ ജി.പി. പ്രദീപ് കുമാർ അറിയിച്ചു.