കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളനം ഏഴു മുതൽ
Wednesday, February 5, 2025 4:00 AM IST
തൃശൂർ: കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളനം ഏഴ്, എട്ട് തീയതികളിൽ ഡിബിസിഎൽസി ഹാളിൽ നടക്കും.
ഏഴിനു വൈകുന്നേരം അഞ്ചിനു സംസ്ഥാന പ്രസിഡന്റ് ടോം മാത്യു പതാക ഉയർത്തും. തുടർന്നു പ്രതിനിധി സമ്മേളനവും വിദ്യാഭ്യാസ സെമിനാറും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയായിരിക്കും. അതിരൂപത വികാരി ജനറൽ മോൺ. ജോസ് കോനിക്കര അധ്യക്ഷത വഹിക്കും.
അധ്യാപക രംഗത്ത് ക്രൈസ്തവമൂല്യങ്ങളുടെ പ്രസക്തി എന്ന വിഷയത്തിൽ ഫാ. ലിജോ പോൾ സിഎംഐ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് സാംസ്കാരിക സദസ്.
എട്ടിനു രാവിലെ ഒന്പതിനു തൃശൂർ സെന്റ് തോമസ് കോളജിൽനിന്ന് മൂവായിരത്തഞ്ഞൂറോളം അധ്യാപകർ പങ്കെടുക്കുന്ന വിദ്യഭ്യാസ അവകാശ സംരക്ഷണ റാലി മേയർ എം.കെ. വർഗീസ് ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് ഡിബിസിഎൽസി ഹാളിൽ നടക്കുന്ന പൊതുസമ്മേളനം ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ടോം മാത്യു അധ്യക്ഷത വഹിക്കും. മന്ത്രി കെ. രാജൻ മുഖ്യാതിഥിയായിരിക്കും. കോട്ടപ്പുറം രൂപത മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തും.
പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ടോം മാത്യു, വൈസ് പ്രസിഡന്റുമാരായ സി.എ. ജോണി, ബിജു പി. ആന്റണി, അതിരൂപത ഡയറക്ടർ ഫാ. ജോയ് അടമ്പുകുളം, അതിരൂപത പ്രസിഡന്റ് എ.ഡി. സാജു എന്നിവർ പങ്കെടുത്തു.