കര്‍ഷകര്‍ക്കു കരുതലായി ഇന്‍ഫാം കൗണ്‍സലിംഗ് സെന്ററുകള്‍ ആരംഭിക്കും: ഫാ. തോമസ് മറ്റമുണ്ടയില്‍
Wednesday, February 5, 2025 1:51 AM IST
കാഞ്ഞിരപ്പള്ളി: കര്‍ഷകരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന പ്രതിസന്ധികളില്‍ കര്‍ഷകര്‍ക്ക് കരുതലായി നില്ക്കാന് ഇന്‍ഫാം കാര്‍ഷികജില്ല അടിസ്ഥാനത്തില്‍ കൗണ്‍സലിംഗ് സെന്ററുകള്‍ ആരംഭിക്കുമെന്ന് ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല എക്സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രതികൂല കാലാവസ്ഥയും കാട്ടുമൃഗങ്ങളും പ്രകൃതിക്ഷോഭങ്ങളുംമൂലം കര്‍ഷകരുടെ ജീവതത്തിലുണ്ടാകുന്ന പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കുന്നതിനും സങ്കടകരമായ ജീവിതസാഹചര്യങ്ങളെ തരണം ചെയ്യുന്നതിനും കര്‍ഷകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്‍ഫാം കൗണ്‍സലിംഗ് സെന്ററുകള്‍ ആരംഭിക്കുന്നതെന്ന് ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു. പരിചയ സമ്പന്നരും പരിശീലനം സിദ്ധിച്ചവരുമായ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലായിരിക്കും സെന്റര്‍ പ്രവര്‍ത്തിക്കുക.
യോഗത്തില്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. ജിന്‍സ് കിഴക്കേല്‍, കൗണ്‍സിലിംഗ് കോഓര്‍ഡിനേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ പെരുനിലം, ഫാ. ജസ്റ്റിന് മതിയത്ത്, നാഷണല്‍ ഭാരവാഹികളായ ജെയ്സണ്‍ ചെംബ്ലായില്‍, നെല്‍വിന്‍ സി. ജോയ്, സംസ്ഥാന സെക്രട്ടറി ഡോ.പി.വി. മാത്യു, ട്രഷറര്‍ തോമസ് തുപ്പലഞ്ഞിയില്‍, ജില്ലാ സെക്രട്ടറി തോമസ് വാരണത്ത്, വൈസ് പ്രസിഡന്റ് ബേബി ഗണപതിപ്ലാക്കല്‍, ട്രഷറര്‍ പി.എം. അലക്സാണ്ടര്‍ എന്നിവര്‍ പ്രസംഗിച്ചു.