മുൻ ചീഫ് സെക്രട്ടറി വി.പി. ജോയ് അനധികൃതമായി 19.37 ലക്ഷം രൂപ കൈപ്പറ്റിയെന്ന് എജി
Wednesday, February 5, 2025 4:01 AM IST
തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി വി.പി. ജോയ് വിരമിച്ചതിനു ശേഷം വഹിക്കുന്ന പദവിയിൽ അധികവേതനം കൈപ്പറ്റുന്നുവെന്ന് അക്കൗണ്ടന്റ് ജനറൽ ഓഫീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.
പുനർനിയമനം നേടുന്നവർക്ക് ക്ഷാമാശ്വാസം കൈപ്പറ്റാൻ അർഹത ഇല്ലാതിരിക്കേ പുതിയ ജോലിയിൽ പ്രതിമാസം 51,750 രൂപ വീതം ക്ഷാമാശ്വാസം തുടക്കത്തിലും 56,250 രൂപ വീതം പിന്നീടും ജോയി കൈപ്പറ്റിയതായാണ് എജിയുടെ കണ്ടെത്തൽ.
പെൻഷനൊപ്പം വാങ്ങുന്ന ക്ഷാമബത്തയ്ക്കു പുറമെയാണിത്. കേന്ദ്ര- സംസ്ഥാന സർവീസ് ചട്ടങ്ങൾ ലംഘിച്ച് 2023 ജൂണ്‍ മുതൽ 2024 ജൂണ്‍ വരെ അനധികൃതമായി 19.37 ലക്ഷം രൂപ ജോയ് അധിക ശന്പളവും ആനുകൂല്യവുമായി വാങ്ങിയിട്ടുണ്ടെന്ന് എജി കണ്ടെത്തി. പൊതുഭരണ വകുപ്പിൽ എജി നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. ഇതിനെക്കുറിച്ചു വ്യക്തമായ വിശദീകരണം പൊതുഭരണ വകുപ്പു നൽകിയിരുന്നില്ല.
പൊതുമേഖലാ സ്ഥാപനങ്ങളുടെ എംഡിമാരെ തെരഞ്ഞെടുക്കുന്ന കേരള പബ്ലിക് എന്റർപ്രൈസസ് റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനായാണ് ചീഫ് സെക്രട്ടറിയായി വിരമിച്ചപ്പോൾ വി.പി. ജോയിയെ സംസ്ഥാന സർക്കാർ നിയമിച്ചത്. ധനവകുപ്പിന്റെ എതിർപ്പു മറികടക്കാൻ മന്ത്രിസഭാ യോഗത്തിലാണ് ജോയിയുടെ ശന്പളം ഉയർത്തിയത്.
ഓൾ ഇന്ത്യ സർവീസിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥൻ സംസ്ഥാന സർക്കാരിനു കീഴിൽ പുനർനിയമനം നേടിയാൽ പെൻഷനും പുതിയ ജോലിയിലെ ശന്പളവും ചേർന്ന തുക സർവീസിൽ അവസാന മാസം വാങ്ങിയ ശന്പളത്തേക്കാൾ കുറവാകണമെന്നാണ് ചട്ടം.
എന്നാൽ പുതിയ ജോലിയിൽ ആനുകൂല്യങ്ങൾക്ക് പുറമെ 2.25 ലക്ഷം രൂപ അടിസ്ഥാന മാസ ശന്പളമായി ജോയ് കൈപ്പറ്റുന്നു. കൂടാതെ, മാസം 1,12,500 രൂപ പെൻഷനുമുണ്ട്.