കന്നിമാരിയിൽ കള്ളിൽ കലർത്താനെത്തിച്ച 1435 ലിറ്റർ സ്പിരിറ്റ് പിടികൂടി
1466628
Tuesday, November 5, 2024 2:17 AM IST
ചിറ്റൂർ: കന്നിമാരിയിലെ തെങ്ങിൻതോപ്പിൽ കള്ളിൽ കലർത്താനെത്തിച്ച വൻസ്പിരിറ്റ്ശേഖരം മീനാക്ഷിപുരം പോലീസ് പിടികൂടി.
കന്നിമാരി കരടികുന്നിലെ വീട്ടിൽനിന്നും തോപ്പിൽനിന്നം മുല്ലയ്ക്കൽചള്ളയിലെ തോപ്പിൽനിന്നുമാണ് 1435 ലിറ്റർ സ്പിരിറ്റ് കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കരടിക്കുന്ന് സ്വദേശി സതീഷ് (34), കോട്ടയം പാലാ ആര്യമ്പാട്ട് ഗോകുൽ (34) എന്നിവരാണ് അറസ്റ്റിലായത്.
സിപിരിറ്റും കള്ളും കടത്താനായി ഉപയോഗിച്ച കാറും മിനിലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ കൂടാതെ കൂടുതൽ പേർ പ്രതികളാണെന്നും അന്വേഷണം ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു.
ഇന്നലെ പുലർച്ചെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മീനാക്ഷിപുരം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് ശേഖരം പിടികൂടിയത്.
കള്ളിൽ കലർത്താനായി പത്തുകന്നാസുകളില്ലായി കൊണ്ടുവന്ന 350 ലിറ്റർ സ്പിരിറ്റാണ് ആദ്യം കാറിൽനിന്നും പിടികൂടിയത്.
കൂടുതൽ ചോദ്യംചെയ്യലിൽ സതീഷിന്റെ വീട്ടിൽനിന്നു 31 കന്നാസുകളിലായി സൂക്ഷിച്ച 1085 ലിറ്റർ സ്പിരിറ്റും കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ഒന്നരമാസത്തിനിടെ എരുത്തേമ്പതിയിലെ തെങ്ങിൻതോപ്പിൽ നിന്നും 2800 ലിറ്ററും കൊഴിഞ്ഞാമ്പാറയിലെ വീട്ടിൽ സൂക്ഷിച്ച 1280 ലിറ്റർ സ്പിരിറ്റും പോലീസ് പിടികൂടിയിരുന്നു.