അഴുക്കുചാലുകൾക്കു മുകളിൽ സ്ലാബിടണം
1466617
Tuesday, November 5, 2024 2:17 AM IST
ഒറ്റപ്പാലം: തോട്ടക്കര കിണർറോഡിലെ അഴുക്കുചാലുകൾക്ക് മുകളിൽ സ്ലാബിട്ട് യാത്രാക്ലേശം പരിഹരിക്കണമെന്ന് കൈരളി റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ദിനംപ്രതി ചെറുവാഹനങ്ങളും സ്കൂൾ ബസ് ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന തിരക്കേറിയ റോഡാണ് പട്ടണത്തിന്റെ ഓരംചേർന്ന് കിടക്കുന്ന തോട്ടക്കര കിണർ റോഡ്. പഴക്കംചെന്ന റോഡായതിനാൽ വീതികുറഞ്ഞ റോഡുമാണ്. നിലവിലുണ്ടായിരുന്ന അഴുക്കുചാൽ നാലുവർഷം മുമ്പ് റിപ്പയർ ചെയ്തെങ്കിലും സ്ലാബിട്ടിരുന്നില്ല.
അന്ന് ജനങ്ങളുടെ സമ്മർദ്ദംമൂലം വളരെ കുറച്ചുസ്ഥലത്ത് മാത്രം സ്ലാബിട്ട് ബാക്കിഭാഗം അടുത്തവർഷം ഇടാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ പിന്നീട് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. എതിർവശത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ വാഹനങ്ങൾ അഴുക്കുചാലിലേക്ക് മറിയുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതുമൂലം ഗതാഗതതടസവും രൂക്ഷമാണ്. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. അഡ്വ. പി. ജയപ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ എ. ശ്രീകുമാർ, ആൻസൺ ജോൺ, പി. കൃഷ്ണൻകുട്ടി, എം. സുനിൽ, ഹബീബ് റഹ്മാൻ, കെ. രത്നമ്മ പ്രസംഗിച്ചു.