പട്ടാമ്പി നഗരസഭയ്ക്കെതിരേ അന്വേഷണം നടത്താൻ ഓംബുഡ്സ്മാനു നിർദേശം
1465761
Saturday, November 2, 2024 3:06 AM IST
ഷൊർണൂർ: പട്ടാമ്പി നഗരസഭയ്ക്കെതിരെ അന്വേഷണം നടത്താൻ ഓംബുഡ്സ്മാന് സർക്കാർ നിർദേശം.
തെരുവുവിളക്കുകൾ റിപ്പയർ ചെയ്ത തുക നൽകുന്നത് സംബന്ധിച്ച് നിയമാനുസൃതമല്ലാത്ത കൗൺസിൽ തീരുമാനമെടുത്തതിനാണ് പട്ടാമ്പി നഗരസഭയ്ക്കെതിരെ അന്വേഷണം നടത്താൻ കേരള സർക്കാർ ഓംബുഡ്സ്മാന് നിർദേശം നൽകിയത്. 2024 ഏപ്രിൽ 22 ലെ കൗൺസിൽ യോഗത്തിലാണ് ഇരുപത്തിമൂന്നാം നമ്പർ അജണ്ടയായി 2023 ആഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള അഞ്ച് മാസം തെരുവ് വിളക്കുകൾ റിപ്പയർ ചെയ്ത വകയിൽ 16,39,950 രൂപ അനുവദിക്കുന്നതിനായി നഗരസഭാ ചെയർപേഴ്സൺ മുൻകൂർ അനുമതി നൽകിയത്.
മുൻകൂർ അനുമതി നൽകിയാൽ തൊട്ടടുത്ത കൗൺസിൽ യോഗത്തിൽ അത് സാധൂകരിക്കണമെന്ന ചട്ടവും ഭരണസമിതി പാലിച്ചില്ല.
കൗൺസിൽ യോഗം ചർച്ച ചെയ്യാതെ ഇത്രയും ഭീമമായ തുകയ്ക്ക് മുൻകൂർ അനുമതി നൽകിയത് അഴിമതിയും ചട്ടവിരുദ്ധവുമാണെന്ന് കാണിച്ച് യുഡിഎഫ് അംഗങ്ങൾ പ്രതിഷേധിക്കുകയും വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
പട്ടാമ്പി നഗരസഭാ ഭരണനേതൃത്വം ഭൂരിപക്ഷമുണ്ടെന്ന അഹങ്കാരത്തോടെ നടത്തുന്ന നിരന്തരമായ ചട്ടലംഘനങ്ങൾക്കും മുൻകൂർ അനുമതികൾക്കും അനധികൃത സാധൂകരണത്തിനും എതിരെയുള്ള കനത്ത തിരിച്ചടിയാണ് സർക്കാർ ഉത്തരവ് എന്ന് യുഡിഎഫ് നഗരസഭാംഗങ്ങളായ സി.എ. സാജിത്, കെ.ആർ. നാരായണസ്വാമി, സി. സംഗീത, സി.എ. റാസി, കെ. ബഷീർ, മുനീറ ഉനൈസ്, സൈതലവി വടക്കേതിൽ, മുസ്തഫ പറമ്പിൽ, പ്രമീള ചോലയിൽ, ലബീബ യുസഫ്, അർഷ അശോകൻ എന്നിവർ പറഞ്ഞു.
നഗരഭരണകൂടത്തിന്റെ ഇത്തരം ചെയ്തികൾക്കെതിരെ നിയമപരമായും പൊതുജനങ്ങളെ അണിനിരത്തി ജനകീയമായും നേരിടുമെന്ന് നേതാക്കൾ പറഞ്ഞു.