ൊമംഗലം -ഗോവിന്ദാപുരം സംസ്ഥാനപാത പൊടിയിൽ മുങ്ങി; നടപടിയില്ല
1466170
Sunday, November 3, 2024 6:43 AM IST
വടക്കഞ്ചേരി: മംഗലം - ഗോവിന്ദാപുരം സംസ്ഥാനപാതയോരത്തെ ചെടികളൊക്കെ ഇപ്പോൾ ഇങ്ങനെയാണ്. പൊടിമൂടി വളരാനാകാതെ വീർപ്പുമുട്ടുന്നു. റോഡിന്റെ ഇരുഭാഗത്തെ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും സ്ഥിതി മറിച്ചല്ല.
മഴ പെയ്തില്ലെങ്കിൽ പൊടിനിറഞ്ഞ് കോടമഞ്ഞിറങ്ങിയ നിലയിലാകും. തുലാമഴ മറ്റിടങ്ങളിലെല്ലാം പെയ്യുന്നുണ്ടെങ്കിലും വടക്കഞ്ചേരി മേഖലയിൽ മഴ എത്തിയിട്ടില്ല. ഇതിനാൽ റോഡിൽ നിന്നുള്ള പൊടിശല്യവും രൂക്ഷമാണ്.
വീടുകളുടെ ജനാലകളും വാതിലുകളും തുറന്നിട്ടാൽ പൊടിതള്ളിക്കയറും. പൊടിമൂലം അലർജി രോഗം ഉണ്ടാകുന്നവരെല്ലാം മാറിതാമസിക്കേണ്ട ദുരവസ്ഥയാണ് ഈ സംസ്ഥാനപാതയോരത്തുള്ളത്. കടകളിലെ സാധനങ്ങളെല്ലാം പൊടിയിൽ മുങ്ങി വലിയ നഷ്ടങ്ങളാണ് കച്ചവടക്കാർക്കും ഉണ്ടാക്കുന്നത്. പാത നാലുവരിയായി നവീകരിക്കുന്ന വൻപദ്ധതി വരുന്നു എന്നൊക്കെ പറഞ്ഞ് ഏറെ വർഷങ്ങളായി റോഡ് നല്ല രീതിയിൽ ടാറിംഗ് നടത്താറില്ല.
ഇതിനാൽ റോഡ് പൂർണമായും തകർന്ന നിലയിലാണ്. ഈ കുഴികളിൽ ചാടിക്കടന്നാണ് ചങ്ങലക്കണ്ണിപോലെ വാഹനങ്ങൾ കടന്നു പോകുന്നത്.
നല്ല മഴക്കാലത്ത് റോഡില്ലാത്ത വിധം തകർന്നപ്പോൾ കുഴികളിൽ നിറച്ച ക്വാറി വേയ്സ്റ്റാണ് ഇപ്പോൾ മഴ മാറിയതോടെ പൊടിയിൽ മുങ്ങി യാത്രക്കാർക്കും വീട്ടുകാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നത്. റോഡ് നല്ല രീതിയിൽ റീടാറിംഗ് നടത്തി വാഹന യാത്ര സുഗമമാക്കണമെന്നാണ് ആവശ്യം.