ഷൊർണൂർ -നിലമ്പൂർ പാതയിൽ രണ്ട് ക്രോസിംഗ് സ്റ്റേഷനുകൾ
1466162
Sunday, November 3, 2024 6:43 AM IST
ഷൊർണൂർ: ഷൊർണൂർ -നിലമ്പൂർ റെയിൽപാതയിൽ രണ്ട് ക്രോസിംഗ് സ്റ്റേഷനുകൾ കൂടി വരും. കുലുക്കല്ലൂർ, മേലാറ്റൂർ എന്നിവിടങ്ങളിലാണ് ഇത്. ഇതോടുകൂടി പാതയിൽ കൂടുതൽ ട്രെയിനുകൾ ഓടിക്കണമെന്ന് ആവശ്യമുയർന്നുതുടങ്ങി. ഷൊർണൂർ - നിലമ്പൂർ ഒറ്റവരിപ്പാതയിൽ കൂടുതൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്ന് മുമ്പുതന്നെ യാത്രക്കാരുടെ ഭാഗത്തുനിന്ന് ആവശ്യമുയർന്നിരുന്നതാണ്.
നിലവിൽ 7 ട്രെയിനുകൾ ഷൊർണൂരിലേക്കും 7 എണ്ണം നിലമ്പൂരിലേക്കും എന്നിങ്ങനെ ദിവസേന 14 ട്രെയിനുകളാണു സർവീസ് നടത്തുന്നത്.
രാത്രി 8.10 നാണ് ഷൊർണൂരിൽനിന്നു നിലമ്പൂരിലേക്കുള്ള അവസാന ട്രെയിൻ.
എന്നാൽ 7.47ന് ഷൊർണൂരിൽ എത്തേണ്ട ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിൻ വൈകുമ്പോൾ പലർക്കും നിലമ്പൂരിലേക്കു ട്രെയിൻ കിട്ടാത്ത സാഹചര്യമാണുള്ളത്.
അങ്ങാടിപ്പുറം, വാണിയമ്പലം എന്നിവിടങ്ങളിലാണു നിലവിൽ ക്രോസിംഗ് ഉള്ളത്. കുലുക്കല്ലൂർ, മേലാറ്റൂർ എന്നിവിടങ്ങളിൽ ക്രോസിംഗ് യാഥാർഥ്യമാകുമ്പോൾ 28 സർവീസുകൾക്കു വരെ സാധ്യതയുണ്ടെന്നാണു റെയിൽവേയുടെ പഠനം.
കുലുക്കല്ലൂരിൽ 16.15 കോടി, മേലാറ്റൂരിൽ 14.58 കോടി രൂപ വീതമാണ് ക്രോസിംഗ് സ്റ്റേഷൻ നിർമാണത്തിന് അനുവദിച്ചിരിക്കുന്നത്.
നിലമ്പൂർ-ഷൊർണൂർ പാത പൂർണമായി വൈദ്യുതീകരണ പ്രവൃത്തികൾ പൂർത്തിയായ ശേഷം മാത്രമേ പുതിയ ട്രെയിൻ ആവശ്യം പരിഗണിക്കാൻ സാധിക്കുകയുള്ളൂ എന്നാണു റെയിൽവേയുടെ മറുപടി.