റെയിൽപ്പാതകൾക്കരികിലെ മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യം
1466622
Tuesday, November 5, 2024 2:17 AM IST
ഷൊർണൂർ: റെയിൽപാളങ്ങളിലെ കാഴ്ച മറയ്ക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യം. നാലുപേർ മരിച്ച ഷൊർണൂർ ട്രെയിൻ അപകടത്തിന് മരങ്ങളും കാരണമായതായി സൂചനയുണ്ട്. വണ്ടിയിലെ ബി കാബിനിൽനിന്ന് പാലത്തിലേക്കുള്ള കാഴ്ച മറയ്ക്കുന്ന തരത്തിലാണ് മരങ്ങൾ നിൽക്കുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
രണ്ടുനിലകെട്ടിടത്തിന്റെ മുകൾനിലയിലുള്ള സ്റ്റേഷൻമാസ്റ്ററുടെ മുറിയിൽനിന്ന് നോക്കിയാൽപോലും പാലംകാണാൻ കഴിയാത്തത്ര ഉയരത്തിലാണ് മരങ്ങൾ വളർന്നുനിൽക്കുന്നത്. കേരള എക്സ്പ്രസ് വരുന്നതിനുമുന്പ് പാലത്തിൽ കരാർതൊഴിലാളികളെ കണ്ടിരുന്നെങ്കിൽ സിഗ്നൽനൽകി ട്രെയിൻ നിർത്താമായിരുന്നു.
എന്നാൽ ഇവർ പാലത്തിൽനിൽക്കുന്നത് ആ സമയത്ത് ജോലിയിലുണ്ടായിരുന്ന സ്റ്റേഷൻമാസ്റ്റർക്ക് കാണാനായില്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
റെയിൽവേ പോലീസുൾപ്പെടെയുള്ള അന്വേഷണഉദ്യോഗസ്ഥർ ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. റെയിൽവേയുടെ പ്രത്യേക വിഭാഗവും അപകടകാരണം അന്വേഷിക്കുന്നുണ്ട്. പാലത്തിന് മുകളിലേക്ക് കയറാൻപാടില്ലെന്ന് മുന്നറിയിപ്പുബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ട്രാക്ക് പരിശോധിക്കുന്ന തൊഴിലാളികൾക്ക് പ്രവേശിക്കാം. ഇവരുടെ സുരക്ഷയ്ക്കായി തീവണ്ടിവരുമ്പോൾ മാറിനിൽക്കാനുള്ള സൗകര്യം പാലത്തിന്റെ രണ്ടുഭാഗത്തും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇവിടേക്കെത്താൻപോലുമാകാതെയാണ് തൊഴിലാളികളെ ട്രെയിൻ ഇടിച്ചിട്ടത്. തൊഴിലാളികളല്ലാതെ ആരെങ്കിലും ഇവിടെയെത്തിയാൽ അത് കണ്ടെത്തി പരിശോധിച്ച് സിഗ്നൽനൽകാനും ബി കാബിനിലെ സ്റ്റേഷൻമാസ്റ്റർക്ക് മരങ്ങളുടെ തടസം കാരണം കഴിയാത്ത സ്ഥിതിയുണ്ട്. കാഴ്ചമറയ്ക്കുന്ന മരങ്ങളില്ലെങ്കിൽ കാബിന് മുകളിലെ സ്റ്റേഷൻ മാസ്റ്ററുടെ മുറിക്കകത്തുനിന്ന് രണ്ട് പാലവും കൃത്യമായി കാണാനാകും.
സംഭവത്തിനുശേഷം പോലീസെത്തി ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ കെട്ടിടത്തിന് മുമ്പിലെ മരച്ചില്ലകൾ മുറിച്ചുമാറ്റിയിട്ടുണ്ട്.
എന്നാൽ കാഴ്ചമറച്ച് ഈ റെയിൽപാതയിൽ നിലനിൽക്കുന്ന മറ്റ് മരങ്ങൾ സുരക്ഷ മുൻനിർത്തി മുറിച്ചുമാറ്റണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.പോലീസും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.