ശിരുവാണി ഇക്കോ ടൂറിസം പദ്ധതി സന്ദർശകർക്കായി തുറന്നു
1465762
Saturday, November 2, 2024 3:06 AM IST
കല്ലടിക്കോട്: ഏറെനാളത്തെ കാത്തിരിപ്പിനുശേഷം ശിരുവാണി ഡാമും പരിസരപ്രദേശങ്ങളും ഉൾപ്പെടുന്ന ഇക്കോ ടൂറിസം പദ്ധതി സഞ്ചാരികൾക്കായി തുറന്നുകൊടുത്തു.
നീലഗിരി ബയോസ്ഫിയറിൽ ഉൾപ്പെടുന്ന ശിരുവാണി വനമേഖലയിലെ പ്രകൃതിഭംഗി കണ്ടറിഞ്ഞ് ആസ്വദിക്കാനും പ്രത്യേകതകൾ മനസിലാക്കാനും അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് പ്രവേശനം നൽകാൻ തീരുമാനിച്ചത്. കോയമ്പത്തൂരിലെ സായിബാബ കോളനിയിൽ നിന്നുള്ള ലൂയിസും കുടുംബവുമായിരുന്നു ആദ്യ സന്ദർശകർ.
ആദ്യ ദിനമായതിനാൽ സന്ദർശകരുടെ എണ്ണം കുറവായിരുന്നു. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അബ്ദുൾ ലത്തീഫ് സഞ്ചാരികളെ സ്വീകരിച്ച് ശിരുവാണിയിലേയ്ക്ക് കടത്തി വിട്ടു. കർശനമായ നിയന്ത്രണങ്ങളോടെയാണ് സന്ദർശകർക്ക് അനുമതി നൽകുന്നത്. സ്വന്തം വാഹനത്തിൽ എത്തുന്നവർക്ക് മാത്രമാണിപ്പോൾ പ്രവേശനം.
ദിവസവും രാവിലെ 9 മണി, ഉച്ചയ്ക്ക് 12, ഉച്ചകഴിഞ്ഞ് 2.30 എന്നിങ്ങനെ 3 ഷിഫ്റ്റായിട്ടാണ് പ്രവേശനം. 5 പേരടങ്ങുന്ന യാത്രാ സംഘത്തിന് 2000 രൂപയും ഏഴുപേർക്ക് 3000, 12 പേർക്ക് 5000, 17 പേർക്ക് 6500 എന്നിങ്ങനെയാണ് പ്രവേശന നിരക്കുകൾ. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമാണ് യാത്ര.
എട്ടു വർഷം മുമ്പാണ് സന്ദർശകർക്ക് ശിരുവാണിയിലേയ്ക്ക് വിലക്ക് ഏർപ്പെടുത്തിയത്. 2018 ലെ പ്രളയസമയത്ത് റോഡുകൾ തകർന്നതും കോവിഡ് വന്നതും സന്ദർശകർക്ക് അനുമതി നിഷേധിക്കാൻ ഇടയായി. കുറച്ചു കാലം ഇഞ്ചിക്കുന്ന് ചെക്ക് പോസ്റ്റിൽ നിന്നും രണ്ട് എയ്സ് വാഹനത്തിൽ ആളുകളെ കൊണ്ടു പോയിരുന്നു. എന്നാൽ പിന്നീട് അത് നിർത്തി.
സന്ദർശകർക്കും പാലക്കയംകാർക്കും നിരാശപ്പെടേണ്ടിവരില്ലെന്ന് ഡിഎഫ്ഒ അബ്ദുൾ ലത്തീഫ് പറഞ്ഞു. ശിങ്കംപാറ ആദിവാസികോളനിയിൽ നിന്ന് അയ്യപ്പൻ അടക്കമുള്ള അഞ്ചു പേരെയാണ് താത്കാലിക ടൂറിസ്റ്റ് ഗൈഡുകളായി എടുത്തിട്ടുള്ളത്.
അവർക്ക് സ്ഥിരമായ വരുമാനം ലഭിക്കുമെന്നും സന്ദർശകരുടെ എണ്ണം വർധിക്കുന്നതോടെ ഡാം പരിസരത്ത് ഇക്കോ ഷോപ്പ് തുടങ്ങുമെന്നും വനവിഭവങ്ങൾ ശേഖരിച്ച് വില്പന നടത്തുമെന്നും ആദിവാസികൾക്ക് സ്ഥിരവരുമാനമാർഗം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. സന്ദർശകരുടെ എണ്ണം വർധിക്കുന്നതോടെ പൈതൃകമായ ഉത്പന്നങ്ങൾ വിറ്റഴിക്കാനും അതുവഴി സാമ്പത്തിക മേഖലയിൽ മാറ്റമുണ്ടാകുമെന്നും കച്ചവടം വർധിക്കുമെന്നും ഡിഎഫ്ഒ പറഞ്ഞു.
അഗളി റേഞ്ച് ഓഫീസർ സുമേഷ്, ശിങ്കമ്പാറ ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ ജോൺസൺ, പാലക്കയം ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ മനോജ്, സെന്റ് മേരീസ് പള്ളിവികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സണ്ണി നെടുമ്പുറം, പി.സി. രാജൻ, റോയ് കൊരക്കാലായിൽ തുടങ്ങിയവർ പ്രസംഗിച്ചു. ശിരുവാണി സന്ദർശിക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 8547602366