ജൈവമാലിന്യ സംസ്കരണത്തിന് ഒറ്റപ്പാലത്തു നൂതനപദ്ധതി
1466616
Tuesday, November 5, 2024 2:17 AM IST
ഒറ്റപ്പാലം: ജൈവമാലിന്യസംസ്കരണത്തിന് പുതിയ സംവിധാനമൊരുക്കി നഗരസഭ. ജൈവമാലിന്യം വേർതിരിച്ച് സംസ്കരിച്ച് വളമാക്കുന്ന യന്ത്ര (ഓർഗാനിക് വേസ്റ്റ് കൺവർട്ടർ) സംവിധാനമാണ് പനമണ്ണ മാലിന്യസംസ്കരണ പ്ലാന്റിലൊരുക്കിയിരിക്കുന്നത്. മാലിന്യനിർമാർജനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് അത്യാധുനിക സൗകര്യത്തോടെയുള്ള യന്ത്രം സ്ഥാപിച്ചത്.
2022-23 വർഷത്തെ പ്രത്യേക വികസനഫണ്ടിൽനിന്ന് 48 ലക്ഷംരൂപയാണ് ഇതിനുവേണ്ടി ചെലവഴിച്ചത്. ആറു മണിക്കൂർകൊണ്ട് ഒന്നരടൺ മാലിന്യമാണ് യന്ത്രംവഴി സംസ്കരിക്കുക. 12 മണിക്കൂർകൊണ്ട് മൂന്നുടൺവീതം സംസ്കരിക്കാനുള്ള സംവിധാനം ഒരുക്കാനാണ് പദ്ധതിയെന്ന് അധികൃതർ പറഞ്ഞു. ഇത് ഏഴുദിവസംകൊണ്ട് വളമാക്കാം. ആദ്യഘട്ടത്തിൽ ഹോട്ടലുകൾ, ഫ്ലാറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് മാലിന്യം ശേഖരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. യൂസർഫീ ഏർപ്പെടുത്തിയാകും മാലിന്യം ശേഖരിക്കുക. ഇതിനുവേണ്ടി ആരോഗ്യവിഭാഗത്തിനുകീഴിൽ ഹരിതകർമസേന മാതൃകയിൽ പുതിയ സംവിധാനമൊരുക്കും. നഗരസഭ ഏറ്റവുംകൂടുതൽ വെല്ലുവിളി നേരിടുന്നത് ജൈവമാലിന്യസംസ്കരണ വിഷയത്തിലാണ്.
നഗരസഭാപരിധിയിൽ പ്രതിദിനം ഏകദേശം ഒന്നരടൺ മാലിന്യം ഉണ്ടാകുന്നുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒന്നരടൺ മാലിന്യം സംസ്കരിക്കാൻകഴിയുന്ന യന്ത്രസംവിധാനം ഒരുക്കിയിട്ടുള്ളത്. പരീക്ഷണപ്രവർത്തനം തുടങ്ങിയതായും എങ്ങനെ പ്രാവർത്തികമാക്കണം എന്നതടക്കമുള്ള വിഷയങ്ങൾ ഉടൻ തീരുമാനിക്കും എന്നാണ് വിവരം.