പ്രതിഷേധ ധർണ നടത്തി
1466158
Sunday, November 3, 2024 6:43 AM IST
മലന്പുഴ: അകത്തേത്തറ പഞ്ചായത്തിന്റെ അധഃപതനം റോഡുകളിലൂടെ പോയാൽ അറിയാമെന്നും വൈകുന്നേരം വരെ ഓടിയാൽ കിട്ടുന്ന നാനൂറോ അഞ്ഞൂറോ രൂപ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ഓടിയ വണ്ടി കേടുവന്നത് റിപ്പയർ ചെയ്യാനേ ഉണ്ടാവുകയുള്ളൂ എന്നും ബിഎംഎസ് ജില്ലാ സെക്രട്ടറി കെ. രാജേഷ് പറഞ്ഞു.
അകത്തേത്തറ പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിഎംഎസ് അകത്തേത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അകത്തേത്തറ പഞ്ചായത്തിനു മുന്പിൽ ഓട്ടോറിക്ഷാതൊഴിലാളികൾ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കെ.രാജേഷ്. മേഖലാ സെക്രട്ടറി എൽ. പ്രകാശൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സമിതി അംഗം പി.കെ. രവീന്ദ്രനാഥ്, സന്തോഷ് ധോണി, കെ.വി. ഹരിഗോവിന്ദൻ, പി. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. അകത്തേത്തറ മേൽപ്പാലം പണി നടക്കുന്ന ഭാഗത്തു നിന്നും ആരംഭിച്ച റാലി പഞ്ചായത്ത് ഓഫീസിനു മുന്നിലെത്തിയാണ് ധർണ ആരംഭിച്ചത്.