ഷൊർണൂർ ട്രെയിൻ ദുരന്തം: തൊഴിലാളികൾ ജോലി ചെയ്തിരുന്നത് സുരക്ഷാസംവിധാനങ്ങളില്ലാതെ
1466167
Sunday, November 3, 2024 6:43 AM IST
ഷൊർണൂർ: യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ജീവൻ പണയം വച്ചാണ് കൊച്ചി റെയിൽവേ പാലത്തിൽ തൊഴിലാളികൾ ജോലി ചെയ്തിരുന്നത്. മരണത്തെ മുഖാമുഖംകണ്ടുള്ള കരാർ തൊഴിലാളികളുടെ നൊമ്പരംആരുംകാണാതെ പോയതിന്റെ നേർസാക്ഷ്യമാണ് ഇന്നലെ വിലപ്പെട്ട ജീവനുകൾ പൊലിഞ്ഞമർന്നത്.
ഒരു സുരക്ഷാസംവിധാനങ്ങളുമില്ലാതെ പാലത്തിനു മുകളിൽ മാലിന്യങ്ങൾ ശേഖരിച്ചുനീങ്ങുന്ന ഇവരെ കാണുമ്പോൾതന്നെ കാഴ്ചക്കാർക്കുള്ളിൽ ഭീതി നിറയും. ഏതുനിമിഷവും തീവണ്ടിയുടെ രൂപത്തിൽ മരണം പാഞ്ഞെത്തുമെന്നുറപ്പ്.
ഇതാണ് ഇന്നലെ പാലത്തിനു മുകളിൽ സംഭവിച്ചത്. പാലം പുതുക്കിപ്പണിയുന്നതിനിടയിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങളും റെയിൽവേ എടുത്തുമാറ്റി.
പാലത്തിനിടയ്ക്കുള്ള സേഫ്റ്റി കാബിനുകൾ ദൂരത്തായിരുന്നതിനാൽ വണ്ടി വരുന്നതുകണ്ട തൊഴിലാളികൾക്ക് ഓടിരക്ഷപ്പെടാനും കഴിഞ്ഞില്ല. കൂകിവിളിച്ചുവന്ന കേരള എക്സ്പ്രസിൽനിന്നും രക്ഷപ്പെടാൻ ഇവർക്ക് മാർഗമേതുമുണ്ടായിരുന്നില്ല.
ട്രെയിൻ വരുന്നതുകണ്ട് ഓടി രക്ഷപ്പെടാൻ ഇവർ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം. പുഴയിൽ വീണ ഒരാൾക്കുവേണ്ടി അഗ്നിരക്ഷാസേനയും പോലീസും ഭാരതപ്പുഴയിൽ വലിയ തെരച്ചിലാണ് നടത്തിയത്.
മരിക്കുന്നതിനു തൊട്ടുമുമ്പ് തൊഴിലാളികൾ ശേഖരിച്ച മാലിന്യബാഗുകൾ ട്രാക്കിലും സമീപത്തും എല്ലാത്തിനും സാക്ഷിയായി കിടക്കുന്നുണ്ട്.ട്രെയിനിൽ സഞ്ചരിക്കുമ്പോൾ യാത്രക്കാർ പുറത്തേക്കു വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകളും മറ്റു മാലിന്യങ്ങളും ശേഖരിക്കുന്നതിനിടയിലാണ് തൊഴിലാളികൾ ദാരുണമായി കൊല്ലപ്പെട്ടത്.